സിനിമാ ഷൂട്ടിംഗിനിടെ സൂര്യക്ക് പരിക്ക്; ചിത്രീകരണം നിര്‍ത്തി

ഷൂട്ടിംഗിനിടെ നടൻ സൂര്യക്ക് പരിക്ക്. പുതിയ ചിത്രം ‘കങ്കുവ’യുടെ ഷൂട്ടിംഗിനിടെയാണ് സൂര്യക്ക് പരിക്കേറ്റത്. ചെന്നൈയിലെ സ്റ്റുഡിയോയിൽ ആയിരുന്നു ഷൂട്ടിംഗ്. ഇന്നലെ രാത്രി 11 മണിയോടെയാണ് അപകടം. ചിത്രീകരണത്തിനിടെ ഒരു റോപ്പ് ക്യാം പൊട്ടി സൂര്യയുടെ തോളിലേക്ക് വീഴുകയായിരുന്നെന്നാണ് റിപ്പോർട്ടുകൾ. നിസാര പരിക്കുകൾ മാത്രമേ സംഭവിച്ചിട്ടുള്ളു എന്നാണ് സൂചന. എങ്കിലും സിനിമയുടെ ചിത്രീകരണം താൽക്കാലികമായി നിർത്തിവച്ചു.

സൂര്യയുടെ കരിയറിലെ തന്നെ ബിഗ് ബജറ്റ് ചിത്രമായാണ് കങ്കുവ ഒരുങ്ങുന്നത്. സ്റ്റുഡിയോ ഗ്രീനും യുവി ക്രിയേഷൻസും ചേർന്ന് നിർമ്മിക്കുന്ന കങ്കുവയുടെ ബഡ്ജറ്റ് 350 കോടി രൂപയാണ്. സിരുത്ത ശിവയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ആദ്യ ഭാഗം 2024 വേനലവധിക്ക് തിയേറ്ററുകളിൽ എത്തും.

38 ഭാഷകളിൽ റിലീസ് ചെയ്യുന്ന കങ്കുവ ഇമേഴ്സീവ് IMAX ഫോർമാറ്റിലും, 2D, 3D പതിപ്പിലും പ്രദർശനം നടത്തും. ഇന്ത്യൻ സിനിമകൾ ഇതുവരെ റിലീസ് ചെയ്യാത്ത പ്രദേശങ്ങളിൽ ഉൾപ്പെടെ കങ്കുവ പ്രദർശനത്തിനെത്തും. 1000 വർഷങ്ങൾക്ക് മുമ്പുള്ള കാലഘട്ടത്തിലൂടെ സഞ്ചരിക്കുന്ന കങ്കുവയിൽ ഒരു യോദ്ധാവായാണ് സൂര്യ എത്തുന്നത്.

ബോളിവുഡ് താരം ദിഷ പഠാനിയും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ദേശീയ അംഗീകാരങ്ങൾ നേടിയിട്ടുള്ള സംഗീത സംവിധായകൻ ദേവി ശ്രീ പ്രസാദ് ചിത്രത്തിന്റെ സംഗീതം. വെട്രി പളനിസാമിയാണ് ഛായാഗ്രഹണം. നിഷാദ് യൂസഫാണ് ചിത്രത്തിന്റെ എഡിറ്റിംഗ്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: