Headlines

സംവിധാന രംഗത്തേക്ക് അരങ്ങേറ്റം കുറിച്ച് നടൻ ഉണ്ണി മുകുന്ദൻ

സംവിധാന രംഗത്തേക്ക് അരങ്ങേറ്റം കുറിച്ച് നടൻ ഉണ്ണി മുകുന്ദൻ. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ശ്രീ ഗോകുലം ഗോപാലൻ നിർമിച്ച് പ്രശസ്ത രചയിതാവും സംവിധായകനുമായ മിഥുൻ മാനുവൽ തോമസ് തിരക്കഥ രചിക്കുന്ന ചിത്രമാണ് ഉണ്ണി മുകുന്ദൻ സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ കഥ ഉണ്ണി മുകുന്ദന്റേതാണ്. ഉണ്ണി മുകുന്ദൻ നായകനായെത്തുന്ന ഈ ചിത്രത്തിൽ അദ്ദേഹത്തോടൊപ്പം ഇന്ത്യൻ സിനിമയിൽ നിന്നുള്ള വമ്പൻ താരനിര അണിനിരക്കും. മെഗാ ബഡ്ജറ്റിൽ ബ്രഹ്മാണ്ഡ കാൻവാസിൽ ആണ് ചിത്രം ഒരുക്കുന്നതെന്നാണ് സൂചന. ഒരു ഫാന്റസി സൂപ്പർ ഹീറോ ചിത്രമാണിത്.


ഐതിഹ്യങ്ങളിൽ വിശ്വസിച്ചും അറിഞ്ഞും അവയുടെ ചരിത്രവും അതിലെ ത്യാഗങ്ങളും ധീരതയും മാന്ത്രികതയും കേട്ട് വളർന്ന താൻ എന്ന കുട്ടി ഒരു നായകനെ കണ്ടെത്തിയത് പുസ്തകങ്ങൾ, സിനിമകൾ, നാടോടി കഥകൾ, ചെറിയ ആക്ഷൻ രൂപങ്ങൾ എന്നിവയിൽ നിന്ന് മാത്രമല്ല, തന്റെ സ്വപ്നങ്ങളിൽ നിന്ന് കൂടിയാണെന്ന് ഉണ്ണി മുകുന്ദൻ സോഷ്യൽ മീഡിയയിൽ കുറിച്ചു. സൂപ്പർഹീറോകളുടെ കാലഘട്ടത്തിൽ, അവരെ കുറിച്ചു സ്വപ്നം കണ്ടു വളർന്ന തന്നിലെ കുട്ടി ഒരിക്കലും സ്വപ്നം കാണുന്നത് അവസാനിപ്പിച്ചില്ല എന്നും, അതിന്റെ ഫലമായി, ആ കുട്ടിയുടെ ഹൃദയത്തിലുണ്ടായിരുന്ന ഒരു കഥയാണ് തന്റെ ആദ്യ സംവിധാന സംരംഭത്തിലൂടെ പറയാൻ പോകുന്നതെന്നും സ്വന്തമായ ഒരു സൂപ്പർ ഹീറോ കഥയാണ് ഇതിലൂടെ പറയുന്നതെന്നും ഉണ്ണിമുകുന്ദൻ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

കഴിഞ്ഞ ദിവസം ശ്രീ ഗോകുലം മൂവീസ്- ഉണ്ണി മുകുന്ദൻ- മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്നു എന്ന വാർത്ത ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ ജോലികൾ ആരംഭിച്ചു കഴിഞ്ഞു. അടുത്ത വർഷമാണ് ചിത്രീകരണം ആരംഭിക്കുക. വി സി പ്രവീൺ, ബൈജു ഗോപാലൻ എന്നിവരാണ് കോ പ്രൊഡ്യൂസർസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- കൃഷ്ണമൂർത്തി. ചിത്രത്തിലെ മറ്റു താരങ്ങളുടെയും അണിയറ പ്രവർത്തകരുടെയും പേരുകൾ വൈകാതെ തന്നെ പുറത്തു വിടും. മലയാളം കൂടാതെ ഇന്ത്യയിലെ മറ്റു പ്രമുഖ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. ഇന്ത്യൻ സിനിമയിലെ പ്രഗത്ഭരായ സാങ്കേതിക പ്രവർത്തകരാണ് ചിത്രത്തിൽ അണിനിരക്കുക എന്നാണ് സൂചന.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: