കൊച്ചി: സമൂഹമാധ്യമത്തിലൂടെ അധിക്ഷേപിച്ചെന്ന നടി ഹണി റോസിന്റെ പരാതിയിൽ പൊലീസ് കേസെടുത്തു. 27 പേർക്കെതിരെയാണ് നിലവിൽ എറണാകുളം സെൻട്രൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഹണി റോസ് കഴിഞ്ഞ ദിവസം പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റിനുതാഴെ അധിക്ഷേപ കമന്റുകളിട്ടവർക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
തന്നെ ഒരു വ്യക്തി സമൂഹ മാധ്യമങ്ങളിലൂടെ അപമാനിക്കുന്നു എന്നും നിയമ നടപടികൾ സ്വീകരിക്കുമെന്നുമായിരുന്നു കഴിഞ്ഞ ദിവസം താരം ഫേസ്ബുക്കിൽ പോസ്റ്റിട്ടത്. ഈ പോസ്റ്റിന് പിന്നാലെ താരത്തിനെതിരെ സൈബർ ആക്രമണം രൂക്ഷമാകുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഹണി റോസ് പൊലീസിൽ പരാതി നൽകിയത്.
ഇന്നലെ രാത്രിയോടെയാണ് എറണാകുളം സെൻട്രൽ പൊലീസിൽ ഹണി റോസ് പരാതി നൽകിയത്. ഫെയ്സ്ബുക്ക് പോസ്റ്റിനു താഴെ അശ്ലീല കമന്റുകളുമായി എത്തിയ 30 പേർക്കെതിരെയായിരുന്നു പരാതി. ലൈംഗികച്ചുവയുള്ള അധിക്ഷേപത്തിനെതിരെയുള്ള വകുപ്പു ചുമത്തിയാണ് പൊലീസ് കേസെടുത്തതെന്നാണ് റിപ്പോർട്ട്. ലൈംഗികാതിക്രമത്തിന്റെ പരിധിയിൽ പെടുന്ന, ഒരു വർഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമാണിത്.
സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള ദ്വയാർഥ പ്രയോഗങ്ങൾ നടത്തി സമൂഹ മാധ്യമങ്ങളിലൂടെ തന്നെ പരിഹസിക്കുന്നവർക്കു മുന്നറിയിപ്പുമായി നടി ഹണി റോസ് കഴിഞ്ഞ ദിവസം ഫെയ്സ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. മാനസിക വൈകൃതം ഉള്ളവരുടെ ഇത്തരം പുലമ്പലുകളെ പുച്ഛത്തോടെയും സഹതാപത്തോടെയും അവഗണിക്കാറാണ് പതിവെന്നും എന്നാൽ ഇനി ഈ വിഷയത്തിൽ നിയപരമായി മുന്നോട്ടുപോകാനാണ് തീരുമാനമെന്നുമാണ് ഹണി റോസ് ഫെയ്സ്ബുക്ക് പോസ്റ്റിൽ പറഞ്ഞത്. ഇതിനുപിന്നാലെയാണ് നടി പരാതിയുമായി പൊലീസിനെ സമീപിച്ചത്.
ബോബി ചെമ്മണൂർ നടി ഹണി റോസിനെ കുറിച്ച് പറഞ്ഞ ചില പരാമർശങ്ങൾ വിവാദമായിരുന്നു. ദ്വയാർത്ഥം വെച്ച് നടിയെ പരിഹസിച്ചതിന് പിന്നാലെ സമൂഹ മാധ്യമങ്ങളിൽ രൂക്ഷവിമർശനം ഉയർന്നിരുന്നു. എന്നാൽ, തുടർന്നും അത്തരം പരാമർശങ്ങളും പരിഹാസങ്ങളും തുടരുകയാണ് ബോബി ചെമ്മണ്ണൂർ ചെയ്തത്. ഇതിന് പിന്നാലെയാണ് ദ്വയാർഥ പ്രയോഗം നടത്തി അപമാനിക്കുന്നതിനെതിരെ നിയമപരമായി മുന്നോട്ടുപോകാനാണ് തീരുമാനമെന്ന് വ്യക്തമാക്കി നടി സമൂഹ മാധ്യമങ്ങളിൽ കുറിപ്പ് പങ്കുവെച്ചത്.
മാനസിക വൈകൃതം ഉള്ളവരുടെ ഇത്തലം പുലമ്പലുകളെ പുച്ഛത്തോടേയും സഹതാപത്തോടേയും അവഗണിക്കാറാണ് പതിവെന്ന് താരം പറയുന്നു. എന്നാൽ ഇനി ഈ വിഷയത്തിൽ നിയമപരമായി മുന്നോട്ടുപോകാനാണ് തീരുമാനമെന്നും ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പിൽ നടി വ്യക്തമാക്കി.
ഒരു ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തപ്പോൾ ദ്വയാർഥ പ്രയോഗം കൊണ്ട് അപമാനം നേരിട്ടതിനാൽ പിന്നീട് ആ വ്യക്തിയുടെ സ്ഥാപനത്തിന്റെ ഒരു ചടങ്ങിലും പങ്കെടുക്കില്ലെന്ന് തീരുമാനിച്ചിരുന്നു. ഇതോടെ പ്രതികാരമെന്നോണം സോഷ്യൽ മീഡിയയിൽ തന്റെ പേര് മന:പൂർവം വലിച്ചിഴച്ച് സ്ത്രീത്വത്തെ അപമാനിക്കുന്ന കമന്റുകൾ പറയുകയാണ് ആ വ്യക്തി ചെയ്യുന്നതെന്നും ഹണി റോസ് കുറിപ്പിൽ പറയുന്നു.
അയാൾ ദ്വയാർഥ പ്രയോഗത്തിലൂടെ അപമാനിക്കാൻ ശ്രമിക്കുമ്പോഴും പ്രതികരിക്കാത്തത് അത്തരം സ്റ്റേറ്റ്‌മെന്റ് ആസ്വദിക്കുന്നതുകൊണ്ടാണോ അതോ പറയുന്നതെല്ലാം അംഗീകരിക്കുന്നത് കൊണ്ടാണെന്നോ എന്ന് അടുപ്പമുള്ളവർ ചോദിക്കുന്നു. അതിനുള്ള മറുപടി കൂടിയാണ് ഈ കുറിപ്പെന്നും ഹണി റോസ് പറയുന്നു. പണത്തിന്റെ ധാർഷ്ട്യത്തിൽ ഏത് സ്ത്രീയേയും ഒരാൾക്ക് അപമാനിക്കാൻ കഴിയുമോ അതിനെ എതിർക്കാൻ ഇന്ത്യയിലെ നിയമസംവിധാനം ഒരു സംരക്ഷണവും നൽകുന്നില്ലേ എന്ന് ചോദിച്ചാൽ ഇയാളുടെ പ്രവർത്തികളിൽ ഇന്ത്യൻ ശിക്ഷാനിയമത്തിൽ സ്ത്രീകൾക്കെതിരെ ലൈംഗികദ്യോതകമായ ഉദ്ദേശത്തോടെ സംസാരിക്കുകയും അതേ ഉദ്ദേശത്തോടെ പിന്തുടരുകയും ചെയ്യുന്നു എന്ന കുറ്റകൃത്യങ്ങൾ പ്രഥമദൃഷ്ട്യാ നിലനിൽക്കുന്നതാണ് എന്നാണ് അറിയാൻ കഴിഞ്ഞതെന്നും നടി കുറിച്ചു.
ബോബി ചെമ്മണ്ണൂരിന്റെ അതിഥിയായി ഒരു പരിപാടിയിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് ഹണി റോസിനെ ബോബി ചെമ്മണ്ണൂർ അപമാനിച്ചത്. പരിപാടിയുടെ ഭാഗമായി ബോബി ചെമ്മണ്ണൂരിന്റെ ജ്വലറിയും താരം സന്ദർശിച്ചിരുന്നു. ഒരു നെക്ലസ് കഴുത്തിൽ അണിയച്ചതിനുശേഷം ബോബി ചെമ്മണ്ണൂർ ഹണി റോസിനെ ഒന്ന് കറക്കി. നേര നിന്നാൽ മാലയുടെ മുൻഭാഗമെ കാണു. മാലയുടെ പിൻഭാഗം കാണാൻ വേണ്ടിയാണ് കറക്കിയത് എന്നായിരുന്നു ബോബി ചെമ്മണ്ണൂർ അതെക്കുറിച്ച് പറഞ്ഞത്. കൂടാതെ ഹണി റോസിനെ കാണുമ്പോൾ പുരാണത്തിലെ കുന്തി ദേവിയെന്ന കഥാപാത്രത്തെ ഓർമ വരുമെന്ന് ബോബി പറഞ്ഞു. ഈ രണ്ട് പരാമർശങ്ങളും വലിയ വിവാദത്തിനും പ്രതിഷേധത്തിനുമാണ് പിന്നീട് വഴി വെച്ചത്.

