നടി കീർത്തി സുരേഷും ആന്‍റണി തട്ടിലും വിവാഹിതരായി. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ഗോവയിൽ വച്ചായിരുന്നു വിവാഹം. 15 വർഷം നീണ്ട പ്രണയത്തിനൊടുവിലാണ് കൊച്ചി സ്വദേശിയായ ആന്‍റണി തട്ടിലും കീര്‍ത്തിയും വിവാഹിതരാകുന്നത്. തന്റെ സോഷ്യൽ മീഡിയാ അക്കൗണ്ടുകളിൽ വിവാഹ ചടങ്ങുകളുടെ ചിത്രങ്ങൾ നടി പങ്കുവെച്ചു.
പരമ്പരാഗത രീതിയിൽ വധുവായി അണിഞ്ഞൊരുങ്ങിയാണ് കീർത്തി ചടങ്ങിനെത്തിയത്. മഞ്ഞയിൽ പച്ചബോർഡറുള്ള പട്ടുപുടവയാണ് കീർത്തി ധരിച്ചത്. ദുബായ് കേന്ദ്രീകരിച്ചുള്ള ബിസിനസ്സുകാരനാണ് ആന്റണി തട്ടില്‍.
നിര്‍മാതാവ് സുരേഷ് കുമാറിന്‍റെയും നടി മേനകയുടെയും ഇളയ മകളായ കീര്‍ത്തി പ്രിയന്‍ ചിത്രമായ ‘ഗീതാഞ്ജലി’യിലൂടെയാണ് അഭിനയരംഗത്തേക്ക് എത്തിയത്. പിന്നീട് തമിഴിലും തെലുങ്കിലുമടക്കം തിരക്കേറിയ താരമായി. മഹാനടിയെന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരവും താരം സ്വന്തമാക്കിയിരുന്നു.
