കൊൽക്കത്ത :ആർജി.കർ സർക്കാർ മെഡിക്കൽ കോളജിൽ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി സഞ്ജയ് റോയിയെ കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. പ്രതി പോൺ വീഡിയോകൾക്ക് അടിമയാണെന്നും ഒന്നിലധികം വിവാഹബന്ധങ്ങളിൽ ഏർപ്പെട്ട വ്യക്തിയാണെന്നും പോലീസ് പറയുന്നു.പോലീസ് വെൽഫെയർ ബോർഡിലെ സിവിക് വോളൻ്റിയർ എന്ന നിലയിൽ ആശുപത്രിയിലെ നിരവധി ഡിപ്പാർട്ട്‌മെൻ്റുകളിലേക്ക് എളുപ്പത്തിൽ കടക്കാൻ പ്രതിക്ക് കഴിയുമായിരുന്നു . പ്രതിയുടെ ഫോണിൽ നിന്നും പോലീസ് ഒട്ടനവധി പോൺ വീഡിയോകൾ കണ്ടെത്തിയിട്ടുണ്ട്.
ട്രാഫിക് മാനേജ്മെൻ്റും ദുരന്ത പ്രതികരണവും ഉൾപ്പെടെ വിവിധ തരത്തിലുള്ള ജോലികളിൽ പോലീസുകാരെ സഹായിക്കാൻ റിക്രൂട്ട് ചെയ്യുന്ന കരാർ ജീവനക്കാരാണ് സിവിക് വോളണ്ടിയർമാർ. പോലീസ് പുറത്തുവിട്ട വിവരങ്ങൾ അനുസരിച്ച് 2019-ൽ കൊൽക്കത്ത പോലീസിൻ്റെ ഡിസാസ്റ്റർ മാനേജ്‌മെൻ്റ് ഗ്രൂപ്പിൽ സന്നദ്ധപ്രവർത്തകനായി റോയ് ജോലിക്ക് പ്രവേശിച്ചെങ്കിലും,പിന്നീട് ഇയാളെ പോലീസ് വെൽഫെയർ സെല്ലിലേക്ക് മാറ്റി.തുടർന്ന് ആർ ജി കർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ പോലീസ് ഔട്ട്‌പോസ്റ്റിലേക്ക് മാറുകയും ആശുപത്രിയിലെ എല്ലാ വിഭാഗങ്ങളിലേക്കും കടന്നു ചെല്ലാൻ ഉള്ള അനുമതി ഇതുവഴി ലഭിക്കുകയും ചെയ്തു.
ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന രോഗികളുടെ ബന്ധുക്കളിൽ നിന്ന് പണം ഈടാക്കുന്ന റാക്കറ്റിൻ്റെ ഭാഗമാണ് റോയ് എന്ന് പോലീസ് പറയുന്നു.സർക്കാർ ആശുപത്രിയിൽ കിടക്ക ലഭിച്ചില്ലെങ്കിൽ അടുത്തുള്ള നഴ്‌സിംഗ് ഹോമുകളിൽ കിടക്ക കണ്ടെത്താൻ രോഗികളുടെ ബന്ധുക്കളിൽ നിന്ന് പണം ഈടാക്കുക ഇയാളുടെ പതിവാണ്. ഒരു സാധാരണ പോലീസുകാരനല്ലെങ്കിലും, റോയ് കൊൽക്കത്ത പോലീസ് ഉദ്യോഗസ്ഥനാണെന്ന് സ്വയം പരിചയപ്പെടുത്തുകയും KP (കൊൽക്കത്ത പോലീസ്) എന്ന് എഴുതിയ ടീ-ഷർട്ടിൽ ആശുപത്രിയിൽ എത്തുകയും ചെയ്യും. ഇയാളുടെ ബൈക്കിനും കെപി ടാഗ് ഉണ്ടായിരുന്നു. മറ്റ് പല പൗര സന്നദ്ധപ്രവർത്തകരും ഇയാൾ യഥാർത്ഥത്തിൽ ഒരു പോലീസുകാരനാണെന്ന് കരുതിയിരുന്നതായി ആണ് പോലീസിന് കിട്ടിയ വിവരം.ചോദ്യം ചെയ്യലിൽ റോയ് കുറ്റം സമ്മതിച്ചു. യാതൊരു കുറ്റബോധവും ഇല്ലാതെ “നിങ്ങൾക്ക് വേണമെങ്കിൽ എന്നെ തൂക്കികൊല്ലു”എന്ന് പ്രതി പറഞ്ഞതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
വെള്ളിയാഴ്ച പുലർച്ചയായിരുന്നു രാജ്യത്തെ നടുക്കിയ പിജി ട്രെയിനിയായ വനിതാ ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്. കോളേജിലെ സെമിനാർ ഹാർഡിനുള്ളിൽ അർദ്ധനഗ്നയായ നിലയിലായിരുന്ന മൃതദേഹം. ശരീരമാസകലം മുറിവേറ്റിരുന്നു, ക്രൂരമായ ലൈംഗിക പീഡനത്തിന് പെൺകുട്ടി ഇരയായതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കണ്ടെത്തിയതോടെയാണ് രാജ്യവ്യാപകമായി പ്രതിഷേധം ശക്തമായത്. സംഭവത്തിൽ രാജ്യത്തെ വിവിധ നഗരങ്ങളിൽ ഡോക്ടർമാർ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചിരിക്കുകയാണ്. ന്യൂഡൽഹി ,മുംബൈ ,കൊൽക്കത്ത ഉൾപ്പെടെയുള്ള നഗരങ്ങളിലെ ഡോക്ടർമാർ അടിയന്തര ചികിത്സ അല്ലാതെ മറ്റ് എല്ലാ സേവനങ്ങളും നിർത്തിവച്ച് സമരം ചെയ്യും എന്നാണ് പ്രഖ്യാപനം. അതിനിടെ കേസന്വേഷണ കേന്ദ്ര ഏജൻസിക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് കോടതിയിൽ ഹർജിയെത്തിയിട്ടുണ്ട് .സംഭവത്തിൽ മുഖ്യമന്ത്രി മമത ബാനർജി ഇരയുടെ ബന്ധുക്കളെ സന്ദർശിച്ചു.

