Headlines

പൊലീസിലെ കായിക വകുപ്പിന്റെ ചുമതലയില്‍ നിന്ന് എഡിജിപി എം ആര്‍ അജിത് കുമാറിനെ മാറ്റി; പൊലീസ് ആസ്ഥാനത്തെ എഡിജിപി എസ് ശ്രീജിത്തിനാണ് പകരം ചുമതല



തിരുവനന്തപുരം: പൊലീസിലെ കായിക വകുപ്പിന്റെ ചുമതലയില്‍ നിന്ന് എഡിജിപി എം ആര്‍ അജിത് കുമാറിനെ മാറ്റി. പൊലീസ് ആസ്ഥാനത്തെ എഡിജിപി എസ് ശ്രീജിത്തിനാണ് പകരം ചുമതല നല്‍കിയത്. ബോഡി ബില്‍ഡിങ്ങ് താരങ്ങളെ സിവില്‍ പൊലീസ് ഓഫീസര്‍മാരായി നിയമിക്കാനുള്ള സർക്കാർ നീക്കം വിവാദമായിരുന്നു.

പൊലീസ് സേനയിലെ കായികമേഖലയിലെ റിക്രൂട്ട്‌മെന്റ് അടക്കമുള്ള കാര്യങ്ങള്‍ നോക്കിയത് എം ആര്‍ അജിത് കുമാറാണ്. ഏതെങ്കിലും നാഷണല്‍ മീറ്റിലോ, കോമണ്‍വെല്‍ത്ത് ഗെയിംസിലോ ഒക്കെ മെഡല്‍ നേടിയവരെയാണ് സാധാരണ സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ നിയമിച്ചിരുന്നത്. എന്നാല്‍ അടുത്തിടെ ഒരു ബോഡി ബില്‍ഡിങ് താരത്തെ ഇന്‍സ്‌പെക്ടര്‍ റാങ്കില്‍ നിയമിക്കാനുള്ള തീരുമാനം ഏറെ ചര്‍ച്ചയായിരുന്നു.

കണ്ണൂര്‍ സ്വദേശിയായ ഒരു വോളിബോള്‍ താരത്തെക്കൂടി പൊലീസില്‍ നിയമിക്കാന്‍ സമ്മര്‍ദ്ദം ശക്തമായിരുന്നു. എന്നാല്‍ എഡിജിപി എം ആര്‍ അജിത് കുമാര്‍ ഇതിന് തയ്യാറായില്ല. സമ്മര്‍ദ്ദം ശക്തമായതോടെ അജിത് കുമാര്‍ അവധിയില്‍ പോയി. പിന്നീട് സര്‍വീസില്‍ തിരികെ കയറിയപ്പോള്‍ കായിക ചുമതല തന്നില്‍ നിന്നും മാറ്റണമെന്ന് എഡിജിപി അജിത് കുമാര്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുകയായിരുന്നു.ഇതേത്തുടര്‍ന്നാണ് എഡിജിപി എസ് ശ്രീജിത്തിന് പൊലീസിലെ കായിക വകുപ്പിന്റെ ചുമതല നല്‍കിയത്. അനധികൃത സ്വത്ത് സമ്പാദനം അടക്കമുള്ള ആരോപണങ്ങളെ തുടര്‍ന്ന് എഡിജിപി എം ആര്‍ അജിത് കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റിയിരുന്നു. തുടര്‍ന്ന് പൊലീസ് ബറ്റാലിയന്റെ ചുമതല അജിത് കുമാറിന് നല്‍കുകയായിരുന്നു

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: