തിരുവനന്തപുരം: ക്രമസമാധാന ചുമതലയുണ്ടായിരുന്ന എഡിജിപി എം ആര്‍ അജിത്കുമാര്‍ ആര്‍എസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതില്‍ സംസ്ഥാന പൊലീസ് മേധാവി നടത്തിയ അന്വേഷണത്തിന്‍റെ റിപ്പോര്‍ട്ട് സര്‍ക്കാര്‍ നിയമസഭയില്‍ വെച്ചു. ആര്‍എസ്എസ് നേതാക്കളുമായുള്ള എഡിജിപിയുടെ കൂടിക്കാഴ്ച ഔദ്യോഗിക ജോലിയുടെ ഭാഗമായിരുന്നില്ലെന്നും സ്വകാര്യ സന്ദര്‍ശനമായിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.കൂടിക്കാഴ്ചയുടെ ഉദ്ദേശം വ്യക്തമല്ല. ആര്‍എസ്എസ് നേതാക്കളെ കാണാന്‍ ഔദ്യോഗിക കാര്‍ ഒഴിവാക്കിയാണ് പോയത്. ഇതും സൗഹൃദ കൂടിക്കാഴ്ചയാണോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. സ്വകാര്യ, കുടുംബ ചടങ്ങുകളുടെ ഭാഗമായല്ല കൂടിക്കാഴ്ച നടത്തിയത്. രണ്ട് വ്യക്തികള്‍ മാത്രമാണ് കൂടിക്കാഴ്ചയില്‍ പങ്കെടുത്തത്. അതിനാല്‍ കൂടിക്കാഴ്ചയുടെ ലക്ഷ്യം വ്യക്തമല്ല. തൃശൂരില്‍ ആര്‍എസ്എസുകാര്‍ മാത്രം പങ്കെടുത്ത ക്യാമ്പില്‍ എഡിജിപിക്ക് ക്ഷണമുണ്ടായിരുന്നില്ല. പൊതുജനത്തിനും പ്രവേശനം ഉണ്ടായിരുന്നില്ല.
രാഷ്ട്രപതിയുടെ മെഡല്‍ കിട്ടാനും സംസ്ഥാന പൊലീസ് മേധാവിയായി സ്ഥാനക്കയറ്റത്തിനുമാണ് കൂടിക്കാഴ്ചയെന്ന് ചില മാധ്യമങ്ങളില്‍ വാര്‍ത്ത വന്നു. ഇതിനുള്ള തെളിവുകള്‍ ലഭിച്ചില്ല. ഉദ്ദേശം അതല്ലെന്നതിനും തെളിവില്ല. മാധ്യമ വാര്‍ത്തകള്‍ ശരിയാണെങ്കില്‍ ഇത് സര്‍വീസ് ചട്ടങ്ങള്‍ക്ക് വിരുദ്ധമാണ്. അജിത് കുമാറിന്റെ വിശദമായി മൊഴി രേഖപ്പെടുത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അന്വേഷണ റിപ്പോര്‍ട്ടുകള്‍ സംബന്ധിച്ച് വസ്തുതാപരമല്ലാത്ത വാര്‍ത്തകളും ഊഹാപോഹങ്ങളും പ്രചരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളെക്കുറിച്ച് സര്‍ക്കാര്‍ പരിശോധിച്ചു വരികയാണെന്നും ടി പി രാമകൃഷ്ണന്റെ സബ്മിഷന് മറുപടിയായി മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി.

