ഇന്ത്യയുടെ ആദ്യ സോളാര്‍ സ്‌പേസ് ഒബ്‌സര്‍വേറ്ററി ദൗത്യമായ ആദിത്യ എല്‍1 വിക്ഷേപിച്ചു. ശനിയാഴ്ച രാവിലെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ നിലയത്തില്‍ നിന്ന് 11.50 ന് പിഎസ്എല്‍വി സി57 റോക്കറ്റിലായിരുന്നു വിക്ഷേപണം. ഇതിനായുള്ള കൗണ്ട്ഡൗണ്‍ കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു.
സൂര്യന്റെ പുറംഭാഗത്തെ താപവ്യതിയാനം, ബഹിരാകാശ കാലാവസ്ഥ ഉള്‍പ്പടെ സൂര്യനെ കുറിച്ചുള്ള വിശദ പഠനമാണ് ദൗത്യത്തിലുൂടെ ലക്ഷ്യമിടുന്നത്. സൂര്യന്റെ റേഡിയേഷനും, കാന്തിക വികിരണങ്ങളും ഭൂമിയെ ബാധിക്കുന്നതിന് മുമ്പ് പഠിക്കാനും അറിയാനും ഈ ദൗത്യത്തിലൂടെ സാധിക്കും. സൂര്യന്റെ പുറംഭാഗത്തെ കുറിച്ചുള്ള പഠനത്തോടൊപ്പം അത് ഭൂമിയുടെ കാലാവസ്ഥയെ എങ്ങനെ ബാധിക്കുന്നു എന്നും പഠന വിധേയമാക്കും.
ഭൂമിയോടടുത്ത ഭ്രമണ പഥത്തില്‍ 16 ദിവസം തുടരുന്ന ഉപഗ്രഹത്തിന്റെ ഭ്രമണ പഥം അഞ്ച് തവണയായി ഉയര്‍ത്തുകയും ലക്ഷ്യസ്ഥാനത്തേക്കുള്ള സഞ്ചാര വേഗം കൈവരിക്കുകയും ചെയ്യും.
ഭൂമിയില്‍ നിന്ന് 15 ലക്ഷം കിമീ അകലെയുള്ള ലഗ്രാഞ്ച് പോയന്റ് 1 (എല്‍ 1) ലാണ് ഉപഗ്രഹത്തെ എത്തിക്കുക. അഞ്ച് വര്‍ഷവും എട്ട് മാസവുമാണ് ദൗത്യത്തിന്റെ കാലാവധി. സൂര്യന്റേയും ഭൂമിയുടേയും ആകര്‍ഷണ വലയത്തില്‍ പെടാത്ത ഹാലോ ഓര്‍ബിറ്റിലാണ് ഉപഗ്രഹം സഞ്ചരിക്കുക.
