11 വർഷങ്ങൾക്കു ശേഷം കൊടും ക്രൂരതയ്ക്ക് ശിക്ഷ വിധിച്ചു കോടതി

ഇടുക്കി: ഷെഫീഖ് വധശ്രമക്കേസിൽ ശിക്ഷ വിധിച്ച് കോടതി. കുമളിയിലെ നാലരവയസുകാരനായ ഷെഫീഖ് വധശ്രമകേസിൽ ഒന്നാം പ്രതിയായ ഷെഫീഖിന്റെ പിതാവ് ഷെരീഫിന് 7 വർഷം തടവും 50000 രൂപ പിഴയും കേസിലെ രണ്ടാം പ്രതിയായ രണ്ടാനമ്മ അനീഷയ്ക്ക് 10 വർഷം തടവുമാണ് വിധിച്ചിരിക്കുന്നത്.

കുമളിയില്‍ 11 വര്‍ഷങ്ങള്‍ക്കു മുമ്പാണ് അച്ഛനും രണ്ടാനമ്മയും ചേർന്ന് ഷെഫീക്കിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. കേസില്‍ രണ്ട് പ്രതികളും കുറ്റക്കാരെന്ന് കോടതി വിധിച്ചു. പട്ടിണിക്കിട്ടും മര്‍ദിച്ചും കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നായിരുന്നു കേസ്. ഷെഫീക്കിന്റെ പിതാവ് ഷെരീഫ് രണ്ടാനമ്മ അനീഷ എന്നിവരാണ് കേസിലെ ഒന്നും രണ്ടും പ്രതികള്‍. ഇടുക്കി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് കേസില്‍ ശിക്ഷാവിധി പറഞ്ഞത്.

ഇപ്പോള്‍ 17 വയസുള്ള ഷെഫീഖിനെ പരിചരിക്കുന്നത് നഴ്സായ രാഗിണിയാണ്. തന്‍റെ ഷെഫീക്കിന് നീതി കിട്ടിയെന്ന് ഷഫീക്കിനെ കഴിഞ്ഞ 11 വര്‍ഷമായി പരിചരിക്കുന്ന നഴ്സ് രാഗിണി പറഞ്ഞു. കോടതി വിധിയോട് വൈകാരികമായിട്ടായിരുന്നു രാഗിണിയുടെ പ്രതികരണം. പരമാവധി ശിക്ഷ നൽകണം എന്നാണ് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചത്

2013 ജൂലൈ 15നാണ് ക്രൂരമായ മർദ്ദനത്തെ തുടർന്ന് കുഞ്ഞിനെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ദൃക്സാക്ഷികളില്ലാതിരുന്ന കേസിൽ മെഡിക്കൽ തെളിവുകളുടെയും സാഹചര്യത്തെളിവുകളുടെയും സഹായത്തോടെയാണ് പ്രോസിക്യൂഷൻ വാദം പൂർത്തിയാക്കിയത്. വ‍ർഷങ്ങൾ നീണ്ട ചികിത്സയ്ക്കൊടുവിൽ ഷഫീഖ് ജീവിതത്തിലേക്ക് തിരികെയെത്തിയെങ്കിലും തലച്ചോറിനേറ്റ ക്ഷതം കുട്ടിയുടെ മാനസിക വള‍‍ർച്ചയെ സാരമായി ബാധിച്ചു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: