കൊല്ലങ്കോട്: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ച പ്രതിയെ പിടികൂടി. തിരുവനന്തപുരം നെയ്യാറ്റിൻകര വടുവൂർകോണം പുത്തൻവീട്ടിൽ ജോണിയെയാണ് (37) പിടികൂടിയത്.
ഫേസ്ബുക്കിലൂടെ യുവതിയുമായി പരിചയത്തിലായ പ്രതി ഭർത്താവിനെ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തി കൊല്ലങ്കോട്ടെ ലോഡ്ജിൽ ബലാത്സംഗത്തിനിരയാക്കുകയായിരുന്നു. പിന്നീട് രണ്ട് പവൻ തൂക്കമുള്ള സ്വർണമാലയുമായി കടന്നു. കൊല്ലങ്കോട് ഇൻസ്പെക്ടർ അമൃത് രംഗന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്തുനിന്നാണ് അറസ്റ്റ് ചെയ്തത്.
പാലക്കാട് സൈബർ സെൽ സി.പി.ഒ ഷെബിന്റെ സഹായത്തോടെ പ്രതി തിരുവനന്തപുരത്തുണ്ടെന്ന് കണ്ടെത്തി. പ്രതിയിൽനിന്ന് സ്വർണ മാല, മൊബൈൽ ഫോൺ എന്നിവ കണ്ടെത്തി. പല സ്ത്രീകളെയും സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട് സമാന രീതിയിൽ ഇയാൾ കബളിപ്പിച്ചതായി പൊലീസ് പറഞ്ഞു.
സീനിയർ സി.പി.ഒ സുനിൽ കുമാർ, സി.പി.ഒമാരായ സസീമ, ജിഷ, അബ്ദുൽ ഹക്കിം, രാജേഷ്, ജിജേഷ്, ഡ്രൈവർ സി.പി.ഒ രവി എന്നിവർ അന്വേഷണസംഘത്തിലുണ്ടായിരുന്നു. തമ്പാനൂർ സ്റ്റേഷനിലെ എസ്.ഐ സുഭാഷ്, സീനിയർ സി.പി.ഒ ജിനു എന്നിവർ അന്വേഷണസംഘത്തെ സഹായിച്ചു.
