മകന്റെ മരണത്തിന് പിന്നാലെ ഡോക്ടാറായ മാതാവിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മാവേലിക്കര താലൂക്ക് ആശുപത്രിയിലെ ഡോക്ടറായ ഡോ. മെഹറുന്നീസയാണ് വീടിനുള്ളിൽ തൂങ്ങിമരിച്ചത്. എഞ്ചിനീയറിങിന് പഠിച്ചിരുന്ന മകൻ ബെന്യാമിൻ ഇന്നലെ കാനഡയിൽ വാഹനാപകടത്തിൽ മരിച്ച വിഷമം താങ്ങാനാകാതെയാണ് ഡോക്ടർ ആത്മഹത്യ ചെയ്തതെന്നാണ് സൂചന.
മകൻ പോയി ഇനി ജീവിച്ചിരുന്നിട്ട് കാര്യമില്ലെന്ന് മെഹറുന്നീസ പറഞ്ഞതായി ഇവരുടെ സുഹൃത്ത് അറിയിച്ചു. ഇളയ മകനും ഭർത്താവും രാവിലെ പള്ളിയിൽ പോയ സമയത്താണ് ഇവർ വീട്ടിൽ തൂങ്ങിമരിക്കുന്നത്. രാവിലെ 7.30നാണ് സംഭവം നടന്നത്. ഇവരെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മുൻപ് തന്നെ മരണം സംഭവിച്ചിരുന്നു. പോസ്റ്റ്മോർട്ടം നടപടിയ്ക്ക് ശേഷം മൃതദേഹം വീട്ടുകാർക്ക് വിട്ടുനൽകും.
