Headlines

സർവകലാശാല വിസി നിയമനത്തിൽ വീണ്ടും സർക്കാർ- ഗവർണർ പോര്; സാങ്കേതിക സര്‍വകലാശാലയില്‍ സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ച് സർക്കാർ




തിരുവനന്തപുരം: സർവകലാശാല വൈസ് ചാൻസിലർ നിയമനത്തിൽ വീണ്ടും സർക്കാർ- ഗവർണർ പോരിലേയ്ക്ക്. ഗവർണറെ മറികടന്ന് സാങ്കേതിക സർവകലാശാലയിൽ പുതിയ സെർച്ച് കമ്മിറ്റി രൂപീകരിച്ച് സർക്കാർ. രാഷ്ട്രപതിയുടെ പരിഗണനയിലുള്ള ബില്ലിലെ വ്യവസ്ഥ പ്രകാരമാണ് കമ്മിറ്റി രൂപീകരിച്ചത്.


കെടിയു അടക്കം സംസ്ഥാനത്തെ ആറ് സർവകലാശാലകളിൽ സെനറ്റ് നോമിനികളില്ലാതെ സെർച്ച് കമ്മിറ്റി രൂപീകരിച്ച് ഗവർണർ നേരത്തെ ഉത്തരവിറക്കിയിരുന്നു. സെനറ്റ് പ്രതിനിധിയെ ഒഴിവാക്കിക്കൊണ്ടായിരുന്നു കമ്മിറ്റി രൂപീകരണം. ഗവർണർക്കെതിരെ ഹൈക്കോടതിയെ സമീപിക്കാൻ സർക്കാരും തീരുമാനിച്ചു. ഇതിനിടെയാണ് സാങ്കേതിക സർവകലാശാലയിൽ സർക്കാർ പുതിയ സർച്ച് കമ്മിറ്റി രൂപീകരിച്ചത്. കെടിയുവിൽ സ്വന്തം നിലയിൽ സെർച്ച് കമ്മിറ്റി രൂപീകരിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് ഇന്നലെ ഉത്തരവിറക്കി.

ഗവർണർ ഒപ്പിടാതെ രാഷ്ട്രപതിക്ക് അയച്ച സർവകലാശാല ബില്ലിലെ വ്യവസ്ഥകൾ പ്രകാരമാണ് പുതിയ കമ്മിറ്റി. അഞ്ചംഗ കമ്മിറ്റിയാണ് രൂപീകരിച്ചിരിക്കുന്നത്. മുൻ കുസാറ്റ് വിസി ഡോ. കെഎൻ മധുസൂധനനാണ് യൂണിവേഴ്സിറ്റി പ്രതിനിധി, മദ്രാസ് ഐഐടിയിൽ നിന്നുള്ള ഡോ. പ്രദീപാണ് ഹയർ എഡ്യൂക്കേഷൻ കൗൺസിൽ നോമിനി.

ഗവർണറുടെ കമ്മിറ്റിയിൽ ഉള്ള ക്ഷിതി ഭൂഷൻ ദാസ് തന്നെയാണ് യുജിസി പ്രതിനിധി ആയിട്ടുള്ളത്. കുസാറ്റ് വിസിയുടെ ചുമതല വഹിക്കുന്ന പിജി ശങ്കരൻ, മുൻ എംജി വിസി സാബു തോമസ് എന്നിവരെ സർക്കാർ നോമിനികളായും പട്ടികയിൽ ഉൾപ്പെടുത്തി. ഒരു സർവകലാശാലയിൽ രണ്ടു സെർച്ച് കമ്മിറ്റികൾ ഉണ്ടാകുമ്പോൾ അത് വീണ്ടുമൊരു തർക്കത്തിലേക്ക് നയിക്കും. ഗവർണർക്കെതിരെ സർക്കാർ ഹൈക്കോടതിയെ സമീപിക്കുമെന്ന് തീരുമാനിച്ചതോടെ കോടതി ഇടപെടലാകും വിഷയത്തിൽ ഇനി നിർണായകം.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: