പാലക്കാട്: അട്ടപ്പാടിയിൽ പ്രവർത്തിക്കുന്ന അഗളി ഗവ. എൽപി സ്കൂൾ പരിസരത്ത് പുലിയെ കണ്ടതായി സ്കൂൾ ജീവനക്കാർ. സ്കൂളിലെ പാചക തൊഴിലാളികളാണ് പുലിയെ കണ്ടത്. ഇന്ന് രാവിലെ എട്ട് മണിക്കായിരുന്നു സംഭവം. ഇതേതുടർന്ന് സ്കൂൾ ജീവനക്കാർ പിടിഎ ഭാരവാഹികളെ വിവരം അറിയിച്ചു. തുടർന്ന് നടത്തിയ പരിശോധയിൽ പ്രീ- പ്രൈമറി വിദ്യാർഥികൾക്കായി ഒരുക്കിയിരിക്കുന്ന പാർക്കിൽ ആടിൻ്റെ അവശിഷ്ടങ്ങൾ കണ്ടെത്തി.
സ്കൂളിനോട് ചേർന്ന് വനമാണ്. കഴിഞ്ഞ കുറച്ച് ആഴ്ചകളായി പ്രദേശത്ത് പുലിയുടെ സാന്നിധ്യം കണ്ടെത്തിയതായി നാട്ടുകാർ പറഞ്ഞു. 500 -റിലേറെ വിദ്യാർഥികൾ പഠിക്കുന്ന സ്കൂളാണിത്. സ്കൂളിന് സമീപം പുലിയെ കണ്ടു എന്ന വാർത്ത പുറത്തു വന്നതോടെ വിദ്യാർഥികളും രക്ഷിതാക്കളും നാട്ടുകാരുമെല്ലാം ആശങ്കയിലാണ്. എത്രയും വേഗം വനം വകുപ്പ് പുലിയെ പിടികൂടണമെന്നാണ് പിടിഎ ഭാരവാഹികളുടെ ആവശ്യം.
