അഹമ്മദാബാദ്: ഇന്ത്യയെ തോൽപ്പിച്ച് ഓസ്ട്രേലിയ ലോകകപ്പ് ക്രിക്കറ്റ് കിരീടം ചൂടി. ജയിക്കാൻ 241 റൺസ് വേണ്ടിയിരുന്ന നാലു വിക്കറ്റ് നഷ്‌ടത്തിൽ 43 ഓവറിൽ ലക്ഷ്യം കണ്ടു. ഓസ്ട്രേലിയയുടെ ആറാം കിരീട നേട്ടമാണിത്.
തുടക്കത്തിലെ പതർച്ചയ്ക്കു ശേഷം ടീമിനെ തിരിച്ചു കൊണ്ടു വന്ന ട്രാവിസ് ഹെഡിന്റെ സെഞ്ചറിയാണ് ഓസീസ് ജയത്തിൽ നിർണായകമായത്. ഹെഡ് 120 പന്തുകളിൽ നിന്നും 137 റൺസ് നേടി പുറത്തായി. 58 റൺസുമായി ലബുഷെയ്ൻ മികച്ച പിന്തുണ നൽകി. തുടക്കത്തിലെ തിരിച്ചടിക്കു ശേഷമാണ് ഓസ്ട്രേലിയ പൊരുതിക്കയറിയത്. ഏഴു റൺസെടുത്ത ഡേവിഡ് വാർണറും 15 റൺസെടുത്ത മിച്ചൽ മാർഷും നാലു റൺസെടുത്ത സ്‌മിത്തും തുടക്കത്തിലെ പുറത്തായി. ജസ്പ്രീത് ബുംറ രണ്ടു വിക്കറ്റുകളെടുത്തു. മുഹമ്മദ് ഷമിയും സിറാജും ഓരോ വിക്കറ്റുകൾ വീതം നേടി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 50 ഓവറിൽ 240 റൺസിന് എല്ലാവരും പുറത്തായി. മൂന്നു വിക്കറ്റുകളെടുത്ത മിച്ചൽ സ്മാർക്കും രണ്ടു വിക്കറ്റുകൾ വീതമെടുത്ത കമ്മിൻസും ഹേസൽവുഡുമാണ് ഇന്ത്യൻ നിരയെ തകർത്തത്. പേരുകേട്ട ഇന്ത്യൻ നിരയെ ഒരു ഘട്ടത്തിലും നിലയുറപ്പിക്കാൻ ബോളർമാർ അനുവദിച്ചില്ല. തുടക്കത്തിലെ പതർച്ചയിൽ നിന്നും ടീമിനു തിരിച്ചു വരാനായില്ലെന്നു തെളിയിക്കുന്നതായിരുന്നു ബാറ്റർമാരുടെ പ്രകടനം. അർധസെഞ്ചുറി നേടിയ വിരാട് കോലിയും ( 54), കെ. രാഹുലും ( 66) മാത്രമായിരുന്നു ഭേദപ്പെട്ട പ്രകടനം കാഴ്‌ച വച്ചത്.
ഓപ്പണർ രോഹിത് ശർമ 47 റൺസെടുത്തു. ശുഭ്മാൻ ഗിൽ(4), ശ്രേയസ് അയ്യർ(4), രവിന്ദ്ര ജഡേജ(9), മുഹമ്മദ് ഷമി ( 6), ജസ്പ്രിത് ബുംമ(1), കുൽദീപ് യാദവ്(10), മൊഹമ്മദ് സിറാജ്(9), സൂര്യ കുമാർ യാദവ്(18). എന്നിങ്ങനെയാണ് പുറത്തായവരുടെ സംഭാവന.