എഐ കാമറ സഹായിച്ചു; മോഷണംപോയ സ്‌കൂട്ടർ തിരിച്ചുകിട്ടി

തിരുവനന്തപുരം : എഐ കാമറ തുടർച്ചയായി ഗതാഗത നിയമലംഘനത്തിന് പിഴ ചുമത്തിയതോടെ ഒരുവർഷം മുമ്പ്‌ മോഷണംപോയ സ്‌കൂട്ടർ ഉടമയ്‌ക്ക്‌ തിരിച്ചുകിട്ടി. വെള്ളായണി പുഞ്ചക്കരി സ്വദേശി ഷിജുവിന്റെ കെഎൽ 01 ബിഎച്ച്‌ 9944 എന്ന സ്‌കൂട്ടറാണ്‌ തിരികെ കിട്ടിയത്‌. 2022 സെപ്‌തംബറിൽ ചാലയിൽവച്ചാണ്‌ മോഷണം പോയത്. പൊലീസ്‌ അന്വേഷണം നടത്തുന്നതിനിടെ ഉടമയുടെ ഫോണിലേക്ക്‌ നിയമലംഘനത്തിനുള്ള സന്ദേശം ലഭിച്ചതാണ്‌ വഴിത്തിരിവായത്‌.

എഐ കാമറപ്രവർത്തനം തുടങ്ങിയ ജൂണിൽത്തന്നെ മൂന്നുതവണ സന്ദേശം ഷിജുവിന്റെ മൊബൈലിൽ ലഭിച്ചതോടെ തിരുവനന്തപുരം ആർടിഒ എൻഫോഴ്സ്മെന്റിന് പരാതി നൽകി. അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥരായ വി വിജേഷ്, അരുൺ, മുഹമ്മദ്‌ ഷാ എന്നിവരുടെ നേതൃത്വത്തിൽ നിയമലംഘനം നടത്തിയ കാമറ ലൊക്കേഷനുകൾ കേന്ദ്രീകരിച്ച് പരിശോധന നടത്തി. ആര്യനാട് ഭാഗത്തുള്ള വ്യക്തികളാണ് വാഹനം ഉപയോഗിക്കുന്നതെന്ന് കണ്ടെത്തി തിങ്കളാഴ്‌ച കസ്‌റ്റഡിയിലെടുക്കുകയായിരുന്നു.

സ്‌കൂട്ടർ മോഷ്ടിച്ചയാൾ ആര്യനാട്‌ സ്വദേശിക്ക്‌ പണയത്തിന്‌ നൽകുകയായിരുന്നു. ഇയാളുടെ വീട്ടിൽനിന്നാണ്‌ കണ്ടെടുത്തത്‌. മോഷ്ടാവിനെ കണ്ടെത്താൻ അന്വേഷണം ഉർജിതമാക്കി. സ്‌കൂട്ടർ ഉടമയ്‌ക്ക്‌ കൈമാറുന്നതിനുള്ള തുടർനടപടികൾ സ്വീകരിക്കുമെന്ന് തിരുവനന്തപുരം ആർടിഒ എൻഫോഴ്സ്‌മെന്റ് അറിയിച്ചു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: