ദില്ലി: വായുമലിനീകരണം ഗുരുതരമായി തുടരുന്ന സാഹചര്യത്തിൽ ദില്ലിയിലെ പ്രൈമറി സ്കൂളുകൾക്ക് അവധി നീട്ടി നൽകി. അടുത്ത വെള്ളിയാഴ്ച വരെ അവധിയായിരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി അതിഷി അറിയിച്ചു. ആറ് മുതൽ 12 വരെയുള്ള ക്ലാസുകൾ ഓൺലൈനിലേക്ക് മാറാമെന്നും സർക്കാർ നിർദ്ദേശിച്ചു. 300ന് മുകളിൽ അതീവ ഗുരുതരമാണെന്നിരിക്കേ 460 ആണ് ദില്ലിയിൽ ഇന്ന് രാവിലെ രേഖപ്പെടുത്തിയ ശരാശരി വായുഗുണനിലവാര സൂചിക.
നിർമ്മാണ പ്രവർത്തനങ്ങൾക്ക് നിരോധനമേർപ്പെടുത്തുമെന്നും, മലിനീകരണ തോത് കുറക്കാൻ വാഹനങ്ങളുടെ എണ്ണം കുറക്കാൻ നിർദ്ദേശം നൽകുമെന്നും വ്യക്തമാക്കിയ പരിസ്ഥിതി മന്ത്രി ഗോപാൽ റായ്, പാഴ് വസ്തുക്കൾ കൂട്ടിയിട്ട് കത്തിക്കരുതെന്നും നിർദ്ദേശം നൽകി. പഞ്ചാബിൽ കാർഷികാവശിഷ്ടങ്ങൾ കത്തിക്കുന്നത് തടയാൻ ശ്രമിച്ച ഉദ്യോഗസ്ഥർക്ക് നേരെ കർഷകർ പ്രതിഷേധിച്ചതായും റിപ്പോർട്ടുകളുണ്ട്.


