കോഴിക്കോട്: കല്ലാച്ചിയിൽ കാറ്ററിങ് യൂണിറ്റിൽ നിന്നും വാങ്ങിയ അൽഫാമിൽ പുഴു. ടി കെ കാറ്ററിംഗ് ഹോട്ടൽ യൂണിറ്റിൽ നിന്ന് വാങ്ങിയ അൽഫാമിലാണ് പുഴുവിനെ കണ്ടെത്തിയത്.
ആരോഗ്യ വകുപ്പ് പരിശോധന നടത്തി കാറ്ററിങ് യൂണിറ്റ് അടച്ചുപൂട്ടാൻ നോട്ടീസ് നൽകി. പരിശോധനയിൽ കൂടുതൽ പഴകിയ ഭക്ഷണങ്ങൾ കാറ്ററിങ് യൂണിറ്റിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്.
വ്യാഴായ്ച്ചയാണ് കല്ലാച്ചി സ്വദേശിയായ യുവാവ് ഇവിടെ നിന്നും അൽഫാം വാങ്ങുന്നത്. വീട്ടിലെത്തി പകുതിയോളം കഴിച്ചപ്പോഴാണ് അൽഫാമിൽ നിന്ന് ചെറിയ പുഴുക്കൾ ശ്രദ്ധയിൽ പെട്ടത്.
തുടർന്ന് കടുത്ത വയറുവേദന അനുഭവപ്പെട്ടതോടെ ഇയാൾ നാദാപുരം സർക്കാർ ആശുപത്രിയിൽ ചികിത്സ തേടി. പിന്നാലെ അൽഫാമിൽ നിന്ന് പുഴു കിട്ടിയ കാര്യം ആരോഗ്യ വകുപ്പിൽ അറിയിക്കുകയായിരുന്നു.
വെള്ളിയാഴ്ച രാവിലെ നടത്തിയ പരിശോധനയിലാണ് കാറ്ററിങ് യൂണിറ്റിൽ നിന്നും പഴകിയ ഭക്ഷണ സാധനങ്ങൾ കണ്ടെത്തിയത്. തുടർന്ന് ‘കാറ്ററിങ് യൂണിറ്റ് അടച്ചു പൂട്ടി പിഴയടയ്ക്കാൻ ആരോഗ്യ വകുപ്പ് നിർദേശം നൽകി.
