മന്ത്രി വീണാ ജോർജിൻ്റെ ഭർത്താവിനെതിരെ ആരോപണം; സിപിഎം ജില്ലാ കമ്മിറ്റി അംഗത്തിന് താക്കീത്

പത്തനംതിട്ട: പത്തനംതിട്ട സിപിഎം ജില്ലാ കമ്മിറ്റി അംഗത്തിന് താക്കീത്. മന്ത്രി വീണാ ജോര്‍ജിന്റെ ഭര്‍ത്താവിനെതിരെ ആരോപണം ഉന്നയിച്ചതിന് ജില്ലാ കമ്മിറ്റി അംഗമായ കെ കെ ശ്രീധരനെതിരെയാണ് നടപടി. കൊടുമണ്‍ പഞ്ചായത്ത് പ്രസിഡന്റാണ് ശ്രീധരന്‍.റോഡ് നിര്‍മ്മാണത്തിനിടെ വീണാ ജോര്‍ജിന്റെ ഭര്‍ത്താവ് ഇടപെട്ട് കടയുടെ മുന്നിലെ ഓടയുടെ ഗതി മാറ്റിയതായി ശ്രീധരന്‍ ആരോപണം ഉന്നയിച്ചിരുന്നു. സംഭവത്തില്‍ ശ്രീധരനെതിരെ നടപടിയെടുക്കണമെന്ന് സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി ആവശ്യം ഉന്നയിച്ചിരുന്നു. മന്ത്രി വീണാ ജോര്‍ജിന്റെ ഭര്‍ത്താവിന്റെ കെട്ടിടത്തിനുമുന്നില്‍ ഓട പണിയുന്നത് അശാസ്ത്രീയമാണെന്നായിരുന്നു ആരോപണം.

മന്ത്രിയുടെ ഭര്‍ത്താവ് ജോര്‍ജ് ജോസഫിന്റെ ഉടമസ്ഥതയിലുള്ളതാണ് കൊടുമണ്‍ പൊലീസ് സ്റ്റേഷനു സമീപമുള്ള കെട്ടിടം. ഏഴംകുളം-കൈപ്പട്ടൂര്‍ റോഡിന്റെ പണികളുടെ ഭാഗമായി ഓടപണിതപ്പോള്‍ ഈ കെട്ടിടത്തിനു മുന്നില്‍ വളച്ചു പണിതത്, പഞ്ചായത്ത് പ്രസിഡന്റ് ശ്രീധരന്‍ എത്തി തടഞ്ഞതോടെയാണ് വിവാദമായത്.മന്ത്രിയുടെ ഭര്‍ത്താവ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്നതായും കെ കെ ശ്രീധരന്‍ ആരോപണം ഉന്നയിച്ചിരുന്നു. മന്ത്രിയുടെ ഭര്‍ത്താവിന്റെ കെട്ടിടത്തിന് മുന്‍വശത്ത് ഓട വളച്ചത് ട്രാന്‍സ്ഫോര്‍മര്‍ നില്‍ക്കുന്നതിനാലാണെന്നും, അലൈന്‍മെന്റില്‍ മാറ്റംവരുത്തിയിട്ടില്ലെന്നും വ്യക്തമാക്കി സിപിഎം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു രംഗത്തെത്തിയിരുന്നു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: