ഹൈദരാബാദ്: പുഷ്പ 2 കാണാൻ അല്ലു അർജുൻ വരുന്നതിന് മുന്നോടിയായി പോലീസില്‍ സുരക്ഷ ആവശ്യപ്പെട്ടിരുന്നുവെന്നു തീയേറ്റർ ഉടമ. ഇത് സംബന്ധിച്ച് തീയേറ്റർ ഉടമകൾ നൽകിയ കത്ത് പുറത്തുവിട്ടു. ഡിസംബർ രണ്ടിനാണ് ഇവർ പോലീസിന് അപേക്ഷ നല്കിയിരുന്നതെന്നു കത്തിൽ വ്യക്തമാകുന്നത്. സിനിമയുടെ റിലീസിനിടെയുണ്ടായ തിരക്കിൽ പെട്ട് യുവതിക്ക് ജീവന്‍ നഷ്ടമായ സംഭവത്തില്‍ നടന്‍ അല്ലു അര്‍ജുന്‍ റിമാന്റിലായതോടെയാണ് ഉടമയുടെ വെളിപ്പെടുത്തൽ. ഉടമയുടെ അപേക്ഷ സോഷ്യൽ മീഡിയയിൽ കൂടിയാണ് ഇപ്പോൾ പുറത്തു വന്നത്. സിനിമയിലെ താരങ്ങളും അണിയറ പ്രവർത്തകരും റിലീസിന് എത്താൻ സാധ്യതയുണ്ട്. ആളുകളെ നിയന്ത്രിക്കാനായി പോലീസ് സഹായം ആവശ്യപെടുന്നു എന്നും കത്തിൽ പറഞ്ഞിട്ടുണ്ട്. കേസിൽ തിയേറ്റർ ഉടമയ്ക്കെതിരെയും പോലീസ് കേസ് എടുത്തിട്ടുണ്ട്.
എന്നാൽ പുറത്ത് വിട്ട കത്തില്‍ പേന കൊണ്ട് എഴുതിയ തരത്തിലാണ് തീയതി രേഖപ്പെടുത്തിയിരിക്കുന്നത്. പോലീസ് ഇതിന്റെ ആധികാരികത പരിശോധിക്കുകയാണ്. താരങ്ങൾ എത്തുന്ന വിവരം പോലീസിനെ അറിയിച്ചില്ലെന്ന് പറഞ്ഞാണ് കേസ്. നടന്റെ അറസ്റ്റിൽ തെലങ്കാന സർക്കാരിനെതിരെയും ശക്തമായ വിമർശനം ഉയർന്നിട്ടുണ്ട്. ബിജെപിയും ടിആർഎസും സിനിമ പ്രവർത്തകരും പ്രതിഷേധവുമായി രംഗത്തെത്തി. അല്ലു അർജുനോട് പൊലീസ് അന്തസില്ലാതെ പെരുമാറിയെന്ന് ബിജെപി ആരോപിച്ചു.

