ഇതരസംസ്ഥാന തൊഴിലാളിയെ കൊലപ്പെടുത്തിയത് ഉറക്കഗുളിക കൊടുത്ത് മയക്കിയ ശേഷം ശ്വാസം മുട്ടിച്ച്; ബം​ഗാളി ദമ്പതികൾ അറസ്റ്റിൽ

പെരിന്തൽമണ്ണ: ഇതരസംസ്ഥാന തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തിയത് കൊലപാതകമെന്ന് തെളിഞ്ഞതിനു പിന്നാലെ പ്രതികൾ അറസ്റ്റിൽ. പശ്ചിമബംഗാള്‍ സ്വദേശികളായ ദമ്പതികളാണ് അറസ്റ്റിലായത്. പശ്ചിമബംഗാള്‍ സൗത്ത് 24 പര്‍ഗാനാസ് ജില്ലയിലെ ഖാസ് രാംകര്‍ചര്‍ സ്വദേശി ബുദ്ധദേവ് ദാസ് (27), ഭാര്യ പര്‍ബ മെദിനിപൂര്‍ ജില്ലയിലെ ബ്രജല്‍ചക്ക് സ്വദേശിനി ദോളന്‍ ചപദാസ്(33) എന്നിവരെയാണ് ബംഗാളില്‍ നിന്ന് കേരള പൊലീസ് അറസ്റ്റ് ചെയ്തത്. പശ്ചിമബംഗാൾ സൗത്ത് 24 പര്‍ഗാനാസ് ഹരിപൂര്‍ സ്വദേശി ദിപാങ്കര്‍ മാജിയുടെ മൃതദേഹം കഴിഞ്ഞ ഞായറാഴ്ച്ചയാണ് പെരിന്തൽമണ്ണയിലെ വാടക ക്വാർട്ടേഴ്സിൽ കണ്ടെത്തിയത്. രണ്ടു ദിവസം പഴക്കമുള്ള മൃതദേഹം പുറത്തുനിന്ന് പൂട്ടിയ മുറിക്കുള്ളിലാണ് കണ്ടത്.

കൊല്ലപ്പെട്ട യുവാവുമായി പരിചയമുള്ള ദമ്പതികൾ ഇടക്കിടെ ഇവിടെ വരാറുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. ഒരിക്കൽ വന്നപ്പോൾ ദിപാങ്കര്‍ മാജി യുവതിയുടെ ന​ഗ്നവീഡിയോ ചിത്രീകരിക്കുകയും പിന്നീട് ഇത് ഉപയോ​ഗിച്ച് ബ്ലാക്ക് മെയിൽ ചെയ്തതിൻ്റെ വൈരാ​ഗ്യത്തിലാണ് ഇരുവരും ചേർന്ന് യുവാവിനെ കൊലപ്പെടുത്തിയത്. പതിവു പോലെ യുവാവിൻ്റെ താമസസ്ഥലത്തെത്തിയ ദമ്പതികൾ കൈയിൽ കരുതിയിരുന്ന ഉറക്ക ​ഗുളിക വെള്ളത്തിൽ കലർത്തി യുവാവിന് കൊടുക്കുകയായിരുന്നു. മയങ്ങി വീണ യുവാവിനെ തലയിണ കൊണ്ട് അമർത്തി ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയത്.

യുവാവിൻ്റെ മുറിയോട് ചേർന്ന അടുത്ത മുറിയിൽ 20 ഓളം ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്നുണ്ടെങ്കിലും അവർ ആരും സംഭവം അറിഞ്ഞില്ല. മൃ‍തദേഹത്തിൽ നിന്ന് ദുർഗന്ധം വമിച്ചതോടെയാണ് പരിസരത്തുള്ളവർ അറിഞ്ഞത്. എന്നാൽ സംഭവത്തിന് ശേഷം പ്രതികൾ ബംഗാളിലേക്ക് കടന്നിരുന്നു. ബംഗാൾ പൊലീസിൻ്റെ സഹായത്തോടെ കേരള പൊലീസ് ബംഗാളിൽ എന്നിയാണ് പ്രതികളെ പിടികൂടിയത്. കുറ്റം സമ്മതിച്ച പ്രതികളെ വ്യാഴാഴ്ച പെരിന്തൽമണ്ണയിൽ എത്തിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: