തിരുവനന്തപുരം: വെഞ്ഞാറമൂട് വാമനപുരത്ത് രോഗിയുമായി വന്ന ആംബുലൻസും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോഡ്രൈവർ മരിച്ചു. ആംബുലൻസിലുണ്ടായിരുന്ന രോഗിക്ക് ഗുരുതരമായി പരിക്കേറ്റു. ഓട്ടോഡ്രൈവർ കൊല്ലം ഇളമാട് ചെറുവയ്ക്കൽ ഉഷാമന്ദിരത്തിൽ അനീഷ്(33) ആണ് മരിച്ചത്. ആംബുലൻസിലുണ്ടായിരുന്ന രോഗി പുനലൂർ മേയ്‌ഡൻ ഹൗസിൽ ബീന(41)യ്ക്കാണ് പരിക്കേറ്റത്.
ഇന്നലെവൈകീട്ട് നാലിന് സംസ്ഥാനപാതയിൽ വാമനപുരം ജങ്‌ഷനു സമീപത്തായിരുന്നു അപകടം. ആംബുലൻസിലുണ്ടായിരുന്ന ബീനയ്ക്ക് ഒരാഴ്ച മുൻപ് മറ്റൊരു അപകടത്തിൽപ്പെട്ട് സംസാരശേഷി നഷ്ടപ്പെട്ടിരുന്നു. തുടർചികിത്സയ്ക്കായി മെഡിക്കൽ കോളേജിലേക്കു പോകുംവഴിയാണ് അപകടം.
ആയൂരിൽനിന്ന് തിരുവനന്തപുരത്തേക്കു വന്ന ആംബുലൻസും തിരുവനന്തപുരത്തുനിന്ന് കൊല്ലത്തേക്കു പോയ അനീഷിന്റെ ഓട്ടോറിക്ഷയും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോേളജിൽ ചികിത്സയിലുള്ള അമ്മയെ കണ്ട് മടങ്ങുകയായിരുന്നു അനീഷ്. പരിക്കേറ്റവരെ ആംബുലസിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിെച്ചങ്കിലും ഓട്ടോഡ്രൈവറുടെ ജീവൻ രക്ഷിക്കാനായില്ല.
