തിരുവനന്തപുരം: വിതുര ആശുപത്രിയില്‍ ആംബുലന്‍സ് തടഞ്ഞ സംഭവത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. മെഡിക്കല്‍ ഓഫീസറുടെ പരാതിയിലാണ് കേസെടുത്തത്. ഹോസ്പിറ്റല്‍ ആക്ട് പ്രകാരം ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്.
അന്യായമായി സംഘം ചേരുക, ഡ്യൂട്ടി തടസ്സപ്പെടുത്തുക തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. ഡിസിസി ജനറല്‍ സെക്രട്ടറി ലാല്‍ റോഷിയാണ് കേസില്‍ ഒന്നാം പ്രതി. രോഗിയെ ആംബുലന്‍സില്‍ കയറ്റാന്‍ സമ്മതിക്കാതെ പ്രതികള്‍ ബഹളംവെച്ചു, സീരിയസ് ആണെന്ന് പറഞ്ഞിട്ടും രോഗിയെ കൊണ്ടുപോകാന്‍ അനുവദിച്ചില്ലെന്നും എഫ്ഐആറില്‍ പറയുന്നുണ്ട്.
അതേസമയം ഇന്‍ഷുറന്‍സും ഫിറ്റ്‌നസ്സുമുള്ള ആംബുലന്‍സായിരുന്നിട്ടും, ഇത് രണ്ടും ഇല്ല എന്ന തെറ്റായ ആരോപണം ഉന്നയിച്ചാണ് വാഹനം തടഞ്ഞതെന്നും ആംബുലന്‍സിന്റെ ഇന്‍ഷുറന്‍സ് സംബന്ധിച്ച രേഖകള്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചുകൊണ്ട് ആരോഗ്യമന്ത്രി വീണ ജോര്‍ജ് പ്രതികരിച്ചു.
ആസിഡ് കഴിച്ച് ഗുരുതരാവസ്ഥയിലായ ബിനുവിനെ ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയാണ് വിതുര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. പ്രാഥമിക ചികിത്സയ്ക്കുശേഷം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകാന്‍ ശ്രമിക്കുമ്പോള്‍ ആയിരുന്നു കോണ്‍ഗ്രസിന്റെ പ്രതിഷേധം. ബിനുവുമായി മെഡിക്കല്‍ കോളജിലേക്ക് പുറപ്പെടുന്നതിനിടെയാണ് ആംബുലന്‍സ് കോണ്‍ഗ്രസിന്റെയും യൂത്ത് കോണ്‍ഗ്രസിന്റെയും പ്രവര്‍ത്തകര്‍ തടഞ്ഞതെന്നാണ് ബന്ധുക്കളുടെ ആരോപണം
