Headlines

തൃശൂരിലും അമീബിക് മസ്തിഷ്ക ജ്വരം; ഏഴാം ക്ലാസുകാരന്‍ ചികിത്സയില്‍



തൃശൂരിലും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. പാടൂര്‍ സ്വദേശിയായ ഏഴാംക്ലാസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. നിലവില്‍ ആരോഗ്യനില തൃപ്തികരമാണ്. കുട്ടിയെ ഐ.സി.യുവില്‍ നിന്ന് മുറിയിലേക്ക് മാറ്റി. പന്ത്രണ്ടു വയസുകാരന് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് വ്യക്തമല്ല. സമീപകാലത്ത് കുളത്തിലോ പുഴയിലോ കുട്ടി കുളിച്ചിട്ടില്ല. സ്ഥിരമായി പാടത്ത് കളിക്കാന്‍ പോകാറുണ്ട്. അവിടെ നിന്നാകാം അണുബാധയുണ്ടായത്. കൊച്ചിയിലെ അമൃത ആശുപത്രിയില്‍ ജൂണ്‍ പതിനാറു മുതല്‍ കുട്ടി ചികില്‍സയിലാണ്. നേരത്തെ വെന്റിലേറ്ററിലായിരുന്നു. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ആശുപത്രി വിടുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

നെഗ്ലേരിയ ഫൗലെറി എന്നറിയപ്പെടുന്ന അമീബയാണ് അമീബിക് മസ്തിഷ്ക ജ്വരത്തിനു കാരണമാകുന്നത്. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ മാത്രമേ ഇത്തരം നെഗ്ലേരിയ ഫൗലെറി അമീബയുണ്ടാകാൻ സാധ്യതയുള്ളൂ. മൂക്കു വഴിയാണു നെഗ്ലേരിയ ഫൗലെറി അമീബ തലച്ചോറിലെത്തുക. ഗന്ധം തിരിച്ചറിയാൻ സഹായിക്കുന്ന ഓൽഫാക്ടറി നാഡി വഴിയാണു മൂക്കിൽ നിന്ന് ഈ അണുക്കൾ തലച്ചോറിലേക്കു പ്രവേശിക്കുക. ഈ അണുക്കൾ നേരിട്ടു മസ്തിഷ്ക്കത്തെയും അതിനെ പൊതിഞ്ഞു സൂക്ഷിക്കുന്ന ആവരണമായ മെനിഞ്ചസിനെയും ബാധിക്കും.
സാധാരണഗതിയിൽ അണുക്കൾ തലച്ചോറിൽ പ്രവേശിച്ചാൽ 5–7 ദിവസങ്ങൾക്കകം ലക്ഷണങ്ങൾ പ്രകടിപ്പിച്ചു തുടങ്ങും. കടുത്ത പനി, തലവേദന, ഛർദി, മയക്കം, അപസ്മാരം, തളർച്ച എന്നിവയാണു പൊതുവേ കാണുന്ന ലക്ഷണങ്ങൾ. തലച്ചോറിലെ കോശങ്ങളെ അമീബ തിന്നു നശിപ്പിക്കുന്നതിലൂടെ വരുന്ന പ്രൈമറി അമീബിക് മെനിഞ്ചോ എൻസഫലൈറ്റിസ് എന്ന മസ്തിഷ്കജ്വരം (പിഎഎം) അതിമാരകമാണ്. പതിനായിരത്തിൽ ഒരാൾക്ക് പിടിപ്പെട്ടേക്കാവുന്ന ഈ അപൂർവ രോഗം വന്നു കഴിഞ്ഞാൽ രക്ഷപ്പെടാനുള്ള സാധ്യത 3% മാത്രമാണ്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: