തിരുവനന്തപുരം: ഹൃദയം നുറുക്കിയ കൂട്ടക്കൊലയുടെ നടുക്കം മാറാതെ വെഞ്ഞാറമൂട് സ്വദേശികള്‍. 23കാരനായ അഫാന്‍ കൊന്നുതള്ളിയ അഞ്ചുപേരില്‍ ഏറെ ഇഷ്ടപ്പെട്ട അനുജനും പ്രായമേറെയായ മുത്തശ്ശിയുമുണ്ടെന്നതില്‍ അയല്‍വാസികള്‍ക്കു പോലും അമ്പരപ്പ്.
13 വയസ്സുള്ള അനുജന്‍ അഫ്‌സാന്‍, പിതാവിന്റെ മാതാവ് 88കാരിയായ സല്‍മാ ബീവി, അഫാന്റെ പിതാവിന്റെ സഹോദരന്‍ ലത്തീഫ്, ലത്തീഫിന്റെ ഭാര്യ ഷാഹിദ, കാമുകിഫര്‍സാന (19) എന്നിവരാണ് കൊല്ലപ്പെട്ടത്. പ്രതിയുടെ ഉമ്മ ഷെമിന്‍ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്.
അഫ്‌സാന്‍ എട്ടാംക്ലാസിലാണ് പഠിക്കുന്നത്. ഇന്നലെ പരീക്ഷ കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തിയതാണ് അഫ്‌സാനെന്ന് നാട്ടുകാര്‍ പറയുന്നു. അനിയനുമായി നല്ല സ്‌നേഹത്തിലായിരുന്നു അഫാന്‍. ഒരുമിച്ചായിരുന്നു പലപ്പോഴും പുറത്ത് പോകുന്നതെന്നും അയല്‍ക്കാര്‍ പറയുന്നു. അഫ്‌സാനെപ്പോലും ഇല്ലാതാക്കാന്‍ അഫാനെ പ്രേരിപ്പിച്ചതെന്താണെന്ന കാര്യത്തില്‍ ഇപ്പോഴും കൃത്യമായ വിവരമില്ല.
രണ്ടിടങ്ങളിലായി കൊല നടത്തിയ ശേഷമാണ് പ്രതി സ്വന്തം വീട്ടിലെത്തി ഉമ്മയെയും അനുജനെയും വീട്ടിലുണ്ടായിരുന്ന കാമുകിയെയും ആക്രമിച്ചതെന്നാണു വിവരം. ചുറ്റിക പോലെയുള്ള ആയുധം കൊണ്ട് തലക്കടിച്ചും കുത്തിയുമാണ് കൊലപാതകങ്ങളെന്നാണ് പ്രാഥമിക വിവരം. കൊല്ലപ്പെട്ടവരുടെ എല്ലാവരുടെയും തലക്കാണ് പരിക്ക്. അഫാന്റെ മാതാവ് ഷെമി ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്.
എന്താണ് കൂട്ടക്കൊലക്ക് അഫാനെ പ്രേരിപ്പിച്ചതെന്ന കാര്യത്തില്‍ നാട്ടുകാര്‍ക്കും കൃത്യമായ മറുപടിയില്ല. സാമ്പത്തിക പ്രതിസന്ധിയാണ് കാരണമെന്ന് അഫാന്‍ പൊലീസിനോട് പറഞ്ഞതായാണ് വിവരം. അഫാന്റെ പിതാവിന് ഗള്‍ഫില്‍ വലിയ കടബാധ്യത ഉണ്ടെന്നും ഇത് തീര്‍ക്കാന്‍ പലരില്‍ നിന്നായി അഫാന്‍ കടംവാങ്ങിയിരുന്നുവെന്നും പറയുന്നു. ഇതുമായി ബന്ധപ്പെട്ട് കുടുംബം മുഴുവന്‍ മരിക്കാന്‍ തീരുമാനിച്ചതായും പറയപ്പെടുന്നു.
ഈ രീതിയിലുള്ള ഒരു മൊഴിയാണ് പ്രതി പോലീസിന് നല്‍കിയത്. അതേ സമയം, കാമുകി ഫര്‍സാനയെ സ്വീകരിക്കാന്‍ കുടുംബം തയ്യാറാവാത്തതാണ് കൊലയ്ക്ക് പ്രേരിപ്പിച്ചതെന്ന നിഗമനങ്ങളും പോലീസ് വൃത്തങ്ങളില്‍ നിന്ന് വരുന്നുണ്ട്.
കൂട്ടക്കൊലക്ക് ശേഷം എലിവിഷം കഴിച്ച അഫാനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനാല്‍ വിശദമായ ചോദ്യംചെയ്യലിന് സാധിച്ചിട്ടില്ല. അഫാന്‍ മയക്കുമരുന്നിന് അടിമയാണെന്ന് പൊലീസ് പറഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്.
പിതാവിന്റെ സഹോദരന്‍ ലത്തീഫ്, ലത്തീഫിന്റെ ഭാര്യ ഷാഹിദ എന്നിവരെ എസ്.എന്‍ പുരത്തെ വീട്ടിലെത്തിയാണ് കൊലപ്പെടുത്തിയത്.
ഒറ്റ ദിവസമാണ് ഈ കൊലപാതകങ്ങളെല്ലാം നടന്നത്. പേരുമലയില്‍ മൂന്ന് പേരെയും ചുള്ളാളത്ത് രണ്ട് പേരെയും പാങ്ങോട് ഒരാളെയും കൊന്നുവെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്. നാല് പേരെ വെട്ടിക്കൊലപ്പെടുത്തുകയും പാങ്ങോട് താമസിക്കുന്ന 88 വയസ്സുള്ള അച്ഛന്റെ മാതാവിനെ തലയ്ക്ക് അടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.
