Headlines

കഞ്ചിക്കോട് വീട്ടുമുറ്റത്തു കളിച്ചുകൊണ്ടിരുന്ന മൂന്നു വയസ്സുകാരനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം

വാളയാർ : പാലക്കാട് കഞ്ചിക്കോട്ടെ വീട്ടുമുറ്റത്തു കളിച്ചുകൊണ്ടിരുന്ന മൂന്നു വയസ്സുകാരനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. ഇതുമായി ബന്ധപ്പെട്ട് സേലം ആത്തൂർ അമ്മൻപാളയം സെന്തിൽകുമാറിനെ (47) വാളയാർ പൊലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച രാത്രി ഏഴരയോടെയാണു സംഭവം. ഉത്തർപ്രദേശുകാരനായ ഖുർഷിത്തിന്റെയും സൽമയുടെയും മകനായ 3 വയസ്സുകാരനെയാണു തട്ടിക്കൊണ്ടുപോകാൻ സെന്തിൽ ശ്രമിച്ചത്. കുട്ടിയുമായി കഞ്ചിക്കോട് റെയിൽവേ സ്റ്റേഷനിലേക്കുള്ള യാത്രാമധ്യേ സെന്തിലിനെ നാട്ടുകാരും ഓട്ടോറിക്ഷ ഡ്രൈവർമാരും ചേർന്നു പിടികൂടി. ഇയാളെ പിന്നീടു പൊലീസിനു കൈമാറി.

കഞ്ചിക്കോട് ഇരുമ്പുരുക്ക് കമ്പനി തൊഴിലാളിയായ ഖുർഷിത്തും കുടുംബവും 10 വർഷത്തോളമായി അതിഥിത്തൊഴിലാളികളുടെ കോളനിയായ കഞ്ചിക്കോട് കിഴക്കുമുറിയിലെ വാടക വീട്ടിലാണു താമസിച്ചിരുന്നത്. ഉച്ചയ്ക്കു ശേഷം കിഴക്കുമുറിയിലെത്തിയ സെന്തിൽകുമാർ മണിക്കൂറുകളോളം ഇവിടെ നിലയുറപ്പിച്ചു. വീട്ടുമുറ്റത്തു കളിച്ചുക്കൊണ്ടിരുന്ന കുട്ടിക്ക് ആദ്യം ചോക്ലേറ്റ് നൽകി. ആളുകളുടെ ശ്രദ്ധ മാറിയെന്ന് ഉറപ്പാക്കി കുട്ടിയുടെ കൈപിടിച്ചു നടന്നു നീങ്ങുകയായിരുന്നു.

പിന്നീട് കഞ്ചിക്കോട് സത്രപ്പടിയിലെത്തി ഓട്ടോ പിടിച്ച് കഞ്ചിക്കോടു റെയിൽവേ സ്റ്റേഷനിലേക്കും പോവാൻ ആവശ്യപ്പെട്ടു. ഈ സമയം കുട്ടി കരിഞ്ഞിരുന്നില്ല. എന്നാൽ കുട്ടി അതിഥിത്തൊഴിലാളിയുടെ മകനാണെന്നും എന്നാൽ സെന്തിൽകുമാർ തമിഴിലാണു സംസാരിക്കുന്നതെന്നും തിരിച്ചറിഞ്ഞതോടെ സംശയം തോന്നിയ ഓട്ടോ ഡ്രൈവർ കൂടുതൽ ആളുകളെ വിളിച്ചുവരുത്തി. പിന്നാലെ പൊലീസും സ്ഥലത്തെത്തി.

‌തുടർന്ന് ഇയാളെ കസ്റ്റഡിയിലെടുത്തു. മെഡിക്കൽ പരിശോധനയ്ക്കു ശേഷം പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. മദ്യലഹരിയിലായിരുന്ന ഇയാളെ പൊലീസ് ചോദ്യം ചെയ്തു വരികയാണെന്നും കൂടുതൽ വ്യക്ത വരേണ്ടതുണ്ടെന്നും ഇൻസ്പെക്ടർ ആദം ഖാൻ അറിയിച്ചു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: