Headlines

ഇടുക്കി ചിത്തിരപുരത്ത് മൺതിട്ട ഇടിഞ്ഞുവീണു; രണ്ടു തൊഴിലാളികൾക്ക് ദാരുണാന്ത്യം



      


ഇടുക്കി: ഇടുക്കി അടിമാലിയിൽ റിസോർട്ട് നിർമ്മാണത്തിനിടെ മണ്ണിടിഞ്ഞ് രണ്ട് തൊഴിലാളികൾക്ക് ദാരുണാന്ത്യം. അടിമാലി സ്വദേശി രാജീവൻ ,ബൈസൺവാലി സ്വദേശി ബെന്നി എന്നിവരാണ് മരിച്ചത്. അനധികൃതമെന്ന് കണ്ടെത്തി റവന്യുവകുപ്പ് സീൽ ചെയ്ത കെട്ടിടത്തിലാണ് അപകടം ഉണ്ടായത്.

അടിമാലിക്ക് സമീപം ചിത്തിരപ്പുരത്താണ് നിർമ്മാണ പ്രവർത്തനത്തിനിടെ തൊഴിലാളികളായ
ആനച്ചാൽ സ്വദേശി രാജീവനും, ബൈസൺവാലി സ്വദേശി ബെന്നിക്കും ജീവൻ നഷ്ടമായത്. റിസോർട്ടിന്റെ സംരക്ഷണഭിത്തി നിർമ്മാണത്തിനായി മണ്ണ് എടുക്കവേ മറുവശത്ത് തിട്ട ഇടിഞ്ഞ് വീഴുകയായിരുന്നു. ഒരുമണിക്കൂറിലേറെ തൊഴിലാളികൾ മണ്ണിനടിയിൽപ്പെട്ടു.

അനധികൃത നിർമ്മാണമെന്ന് കണ്ടെത്തി മൂന്നാർ സ്പെഷ്യൽ തഹസിൽദാർ റിസോർട്ടിന് സ്റ്റോപ് മെമ്മോ നൽകിയിരുന്നു. വില്ലേജ് ഓഫീസർ പൂട്ടി സീൽ വച്ച കെട്ടിടത്തിൽ അനുമതി ഇല്ലാതെ വീണ്ടും നിർമ്മാണം പുരോഗമിക്കവെയാണ് അപകടം.

കെട്ടിടത്തിന്റെ ഉടമയായ എറണാകുളം കുമ്പങ്ങി സ്വദേശി ഷെറിനെതിരെ നടപടി സ്വീകരിക്കും. കെട്ടിടത്തിലേയ്ക്കുള്ള ഇടുങ്ങിയ പാതയും, കനത്ത മഴയും രക്ഷാ പ്രവർത്തനം വൈകാൻ കാരണമായി. അടിമാലി താലൂക്ക് ആശുപത്രിയിലേയ്ക്ക് മാറ്റിയ മൃതദേഹങ്ങൾ പോസ്റ്റ് മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറും.


Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: