തൃശ്ശൂർ: ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിന്റെ വൈരാഗ്യത്തിൽ ജീവനക്കാരൻ എണ്ണ കമ്പനിക്ക് തീയിട്ടു. തൃശ്ശൂർ മുണ്ടൂരിലാണ് സംഭവം. എണ്ണക്കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്യുന്ന ടിറ്റോ തോമസാണ് (36) കമ്പനിക്ക് തീയിട്ടത്. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് തൃശൂർ വേളക്കോട് ഇൻഡസ്‌ട്രിയൽ എസ്റ്റേറ്റിലെ ഗൾഫ് പെട്രോൾ കെമിക്കൽസിൽ തീപിടിത്തമുണ്ടായത്. കുന്നംകുത്തുനിന്നും തൃശൂരിൽ നിന്നും രണ്ട് യൂണിറ്റ് അഗ്നിരക്ഷാസേന സംഘവും ഗുരുവായൂരിൽ നിന്ന് ഒരു യൂണിറ്റുമെത്തിയാണ് തീയണച്ചത്. തൃശൂർ പൂത്തോൾ സ്വദേശി സ്റ്റീഫനാണ് കമ്പനിയുടെ ഉടമ.
പ്രതി എണ്ണ കമ്പനിക്ക് തീയിട്ട ശേഷം ഉടമയ്ക്ക് സന്ദേശം അയക്കുകയിരുന്നു. താൻ ഫാക്ടറിക്ക് തീയിട്ടുവെന്നും വേണമെങ്കിൽ പോയി തീ അണച്ചോളൂ എന്നുമാണ് അറിയിച്ചത്. ശേഷം പേരാമംഗലം പൊലീസ് സ്റ്റേഷനിലെത്തി ഇയാൾ കീഴടങ്ങി. ഒന്നരമാസം മുൻപ് കമ്പനിയിൽ വച്ച് ഉടമയായ സ്റ്റീഫൻ ടിറ്റോയോട് ഓയിൽ ക്യാനുകൾ എണ്ണിത്തിട്ടപ്പെടുത്താൻ ആവശ്യപ്പെട്ടു.
ഇതിൽ പ്രകോപിതനായ ടിറ്റോ, ഇത് എന്റെ ജോലിയല്ലെന്നും ഞാൻ ഡ്രൈവറാണെന്നും ആ പണി മാത്രമേ ചെയ്യുകയുള്ളൂ എന്നും പറഞ്ഞു. ഇതിനെച്ചൊല്ലി ഉടമയും ടിറ്റോയും തമ്മിൽ വാക്കേറ്റമുണ്ടായി. ഇതേതുടർന്ന് സ്റ്റീഫൻ ഇയാളെ ജോലിയിൽ നിന്ന് പിരിച്ചുവിടുകയായിരുന്നു. എന്നാൽ ടിറ്റോയുടെ ജീവിത സാഹചര്യം മനസിലാക്കിയ സ്റ്റീഫൻ മാർച്ച് ഒന്നുമുതൽ തിരികെ ജോലിക്ക് കയറാൻ നിർദേശിച്ചു. ഇതിനിടെയാണ് ഇയാൾ കമ്പനിക്ക് തീയിട്ടത്. ഒരുകോടി രൂപയുടെ നാശനഷ്ടമാണ് ഉണ്ടായതെന്ന് ഉടമ പോലീസിനോട് പറഞ്ഞു.