ലഖ്നൗ: മൃഗശാലയിൽ ഹിപ്പൊപ്പൊട്ടാമസിന്റെ കൂട് ശുചിയാക്കുന്നതിനിടയിൽ ജീവനക്കാരൻ ഹിപ്പോയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ലഖ്‌നൗവിലെ നവാബ് വാജിദ് അലി ഷാ സുവോളജിക്കൽ ഗാർഡനിലാണ് സംഭവം. വൃത്തിയാക്കാൻ ഹിപ്പോയുടെ കൂട്ടിൽക്കയറിയ സൂരജ് എന്ന ജീവനക്കാരനെയാണ് ആക്രമിച്ചത്. ഇതേത്തുടർന്ന് തിങ്കളാഴ്ച മൃഗശാല അടച്ചിട്ടിരിക്കുകയാണെന്ന് വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്തു.
2013-ൽ മൃഗശാലയിൽ ചേർന്ന പരിചയസമ്പന്നനായ തൊഴിലാളിയാണ് സൂരജെന്ന് അധികൃതർ അറിയിച്ചു. മൃഗങ്ങളുടെ കൂടുകൾ വൃത്തിയാക്കുന്നത് ഇയാളുടെ ജോലിയുടെ ഭാഗമാണെന്ന് റിപ്പോർട്ടിൽ പറയുന്നു. ഹിപ്പോയുടെ കൂട് വർഷങ്ങളായി ഇയാൾ തന്നെയാണ് വൃത്തിയാക്കുന്നത്. ഹിപ്പോയുടെ പെരുമാറ്റം ഇയാൾക്ക് പരിചയമുണ്ടെന്ന് ആക്രമണം അപ്രതീക്ഷിതമായിരുന്നെന്നും ഉദ്യോഗസ്ഥൻ മാധ്യമങ്ങളോട് പറഞ്ഞു.
തിങ്കളാഴ്ച രാവിലെ 10:45 ഓടെയാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ സൂരജിനെ ഉടൻ തന്നെ സിവിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മരിച്ചയാളുടെ കുടുംബത്തിന് മൃഗശാലാ അധികൃതർ 50,000 രൂപ ധനസഹായം നൽകിയതായി ഉദ്യോഗസ്ഥൻ പിടിഐയോട് പറഞ്ഞു.
അതേസമയം, ഇതേ ഹിപ്പോ അടുത്തിടെ മറ്റൊരു മൃഗശാല ജീവനക്കാരനെ ആക്രമിച്ചിരുന്നു.
