കോട്ടയം: ദിനംപ്രതി സൈബർ സാമ്പത്തിക തട്ടിപ്പുകൾ വ്യാപിക്കുന്ന സാഹചര്യത്തിൽ തട്ടിപ്പുകാരുടെ വിശദാംശങ്ങൾ പൊതുജനങ്ങൾക്ക് മനസിലാക്കാൻ അവസരം ഒരുങ്ങുകയാണ്. തട്ടിപ്പുകാർ ഉപയോഗിക്കുന്ന ഫോൺ നമ്പറുകളും സാമൂഹമാധ്യമ അക്കൗണ്ടുകളും പരിശോധിക്കാനുള്ള സംവിധാനമാണ് ലഭ്യമാകുന്നത്. പ്രത്യേകം തയാറാക്കിയ വെബ്‌സൈറ്റിൽ കയറി പൊതുജനങ്ങൾക്ക് നേരിട്ട് ആവശ്യമായ വിവരങ്ങൾ പരിശോധിച്ച് തിരിച്ചറിയാനുള്ള സംവിധാനം നിലവിലുണ്ടെന്ന് കേരള പൊലീസ് വ്യക്തമാക്കി. സമ്പത്തിക തട്ടിപ്പ് കേസുകളുടെ എണ്ണം കുറയ്ക്കാനാണ് വിവരങ്ങൾ പരിശോധിക്കാനുള്ള പോർട്ടൽ ജനങ്ങൾക്കായി തുറന്നിരിക്കുന്നത്.
തട്ടിപ്പുകാരുടെ വിവരങ്ങൾ www.cybercrime.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും. ശേഷം Report & Check Suspect എന്ന ഓപ്ഷൻ തെരഞ്ഞെടുക്കുക. തുടർന്ന് Suspect Repository എന്ന ഓപ്ഷൻ തുറക്കണം. ഫോൺ നമ്പറുകൾ, ബാങ്ക് അക്കൗണ്ടുകൾ, യു.പി.ഐ ഐ.ഡി, സാമൂഹമാധ്യമ അക്കൗണ്ടുകൾ, ഇ-മെയിൽ വിലാസങ്ങൾ എന്നിവ പൊതുജനങ്ങൾക്ക് ഇതുവഴി പരിശോധിക്കാം. ഡിജിറ്റൽ തട്ടിപ്പിന് ഉപയോഗിക്കുന്ന നമ്പറോ ഐഡിയോ ആണെങ്കിൽ അക്കാര്യം വ്യക്തമാക്കി ഇതിൽനിന്ന് മുന്നറിയിപ്പായി നൽകും.
തട്ടിപ്പുകാർ ഉപയോഗിക്കുന്ന വെബ്സൈറ്റ് വിലാസം, വാട്സ്ആപ് നമ്പർ, ടെലഗ്രാം ഹാൻഡിൽ, ഫോൺ നമ്പർ, ബാങ്ക് അക്കൗണ്ടുകൾ, ഇ-മെയിൽ വിലാസങ്ങൾ, സാമൂഹമാധ്യമ വിലാസങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ പൊതുജനങ്ങൾക്ക് ഈ പോർട്ടലിൽ നൽകാനും അവസരമുണ്ട്. അതേസമയം വ്യാജമായ രേഖകൾ നൽകുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കും. തെറ്റായ വിവരങ്ങൾ പോർട്ടലിൽ നൽകി ആളുകളെ കബളിപ്പിച്ചാൽ കടുത്ത നടപടി ഉണ്ടാകുമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി
