Headlines

വെള്ളത്തിനടിയിലൂടെ ഇനി അവിസ്മരണീയ യാത്ര; രാജ്യത്തെ ആദ്യ അണ്ടർ വാട്ടർ മെട്രോ ടണൽ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

കൊല്‍ക്കത്ത: രാജ്യത്തെ ആദ്യ അണ്ടർ വാട്ടർ മെട്രോ ടണൽ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹൂഗ്ലി നദിയിൽ നിർമിച്ച 520 മീറ്റർ നീളമുള്ള ടണലാണ് പ്രധാനമന്ത്രി കൊൽക്കത്തയിൽ ഉദ്ഘാടനം ചെയ്തത്. തുടർന്ന് അദ്ദേഹം സ്കൂൾ വിദ്യാർഥികൾക്കൊപ്പം അണ്ടർ വാട്ടർ മെട്രോയിൽ യാത്ര ചെയ്തു. വിദ്യാർഥികളുമായി സംവദിച്ച പ്രധാനമന്ത്രി, മെട്രോ യാത്രയ്‌ക്കിടെ തൊട്ടടുത്ത ട്രാക്കിലൂടെ എത്തിയ മെട്രോ ട്രെയിനിലെ യാത്രക്കാരെ അഭിവാദ്യം ചെയ്തു. വെള്ളത്തിനടിയിലൂടെയുള്ള 520 മീറ്റർ ദൂരം 45 സെക്കൻഡ് കൊണ്ട് മെട്രോ ട്രെയിൻ പിന്നിടുമെന്നാണ് കണക്കുകൂട്ടൽ.

രാജ്യത്തിന്റെ വികസനക്കുതിപ്പിൽ പുതിയ നാഴികക്കല്ലാണ് കൊൽക്കത്ത മെട്രോയുടെ ഭാഗമായി നിർമിച്ച അണ്ടർ വാട്ടർ മെട്രോ ടണൽ. ഹൗറ മൈതാന്‍ മുതല്‍ എക്‌സ്പ്ലനേഡ് വരെ നീളുന്ന അണ്ടര്‍വാട്ടര്‍ മെട്രോ പാത ഈസ്റ്റ്-വെസ്റ്റ് മെട്രോയുടെ ഭാഗമായാണ് നിര്‍മിച്ചിരിക്കുന്നത്. ഈ പാതയിലൂടെ ദിവസേന ഏഴു ലക്ഷം യാത്രക്കാരെയാണ് പ്രതീക്ഷിക്കുന്നത്.

16.5 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാതയുടെ 10.8 കി.മീ. ഭാഗം ഭൂമിക്കടിയിലൂടെയാണ് നിർമിച്ചിരിക്കുന്നത്. ഇതിൽ 520 മീറ്റർ ദൂരമാണ് ഹൂഗ്ലി നദിക്കടിയിലൂടെ കടന്നുപോകുന്നത്. വാർത്താ ഏജൻസിയായ പിടിഐയുടെ റിപ്പോർട്ട് പ്രകാരം, ഹൗറയേയും സാള്‍ട്ട് ലേക്കിനെയും ബന്ധിപ്പിക്കുന്ന അണ്ടര്‍ വാട്ടര്‍ മെട്രോയ്ക്ക് ആറു സ്റ്റേഷനുകളാണ് ഉണ്ടാവുക. ഇതിൽ മൂന്നെണ്ണം ഭൂമിക്ക് അടിയിലായിരിക്കും. നഗരത്തിലെ ട്രാഫിക് കുറയ്ക്കാനും അന്തരീക്ഷ മലിനീകരണം ഉൾപ്പെടെയുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താനും പുതിയ പദ്ധതി വഴിവയ്ക്കുമെന്നാണ് പ്രതീക്ഷ.

ഈസ്റ്റ് – വെസ്റ്റ് മെട്രോ കോറിഡോറിന്റെ നിർമാണം 2009ലാണ് ആരംഭിച്ചത്. ഇതിൽപ്പെടുന്ന ഹൂഗ്ലി നദിയിലെ അണ്ടർ വാട്ടർ ടണലിന്റെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചത് 2017ലും. ഈ പാതയിൽ 16 മീറ്റർ ദൂരം നദീജല നിരപ്പിനും അടിയിലൂടെയാണ് കടന്നുപോകുന്നതെന്ന് കൊൽക്കത്ത മെട്രോ റെയിൽവേ ജനറൽ മാനേജർ ഉദയ് കുമാർ റെഡ്ഡി എഎൻഐയോടു പറഞ്ഞു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: