തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ വയനാട്ടിൽ ആനി രാജയും തിരുവനന്തപുരത്ത് പന്ന്യൻ രവീന്ദ്രനും മത്സരിക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രഖ്യാപിച്ചു. തൃശൂരിൽ വി എസ് സുനിൽകുമാറും മാവേലിക്കരയിൽ അഡ്വ. സി എ അരുൺ കുമാറും സ്ഥാനാർത്ഥികളാകും. എൽഡിഎഫ് ധാരണപ്രകാരം നാലു സീറ്റിലാണ് സിപിഐ മത്സരിക്കുന്നത്.
ദേശീയ മഹിളാ ഫെഡറേഷൻ ദേശീയസെക്രട്ടറിയും സിപിഐ ദേശീയ സെക്രട്ടറിയറ്റ് അംഗവുമാണ് ആനി രാജ. ഫാസിസ്റ്റ് വിരുദ്ധ പോരാട്ടങ്ങളിൽ മുൻ നിരയിൽ നേതൃത്വം നൽകുന്ന വനിതാ നേതാവാണ്. സിപിഐ ജനറൽ സെക്രട്ടറി ഡി രാജ ഭർത്താവാണ്. കണ്ണൂർ ഇരിട്ടി സ്വദേശി.
സിപിഐ സംസ്ഥാന സെക്രട്ടറിയും കേന്ദ്ര സെക്രട്ടറിയറ്റ് അംഗവുമായിരുന്ന മുൻ എം പി കുടിയായ പന്ന്യൻ രവീന്ദ്രൻ രണ്ടാം തവണയാണ് തിരുവനന്തപുരത്ത് ജനവിധി തേടുന്നത്. 1982 മുതൽ സിപിഐ സംസ്ഥാന കൗൺസിൽ അംഗമായിരുന്ന പന്ന്യൻ രവീന്ദ്രൻ 2005ൽ നടന്ന ഉപതെരഞ്ഞെടുപ്പിലാണ് തിരുവനന്തപുരം ലോസഭാ മണ്ഡലത്തിൽനിന്നും വിജയിച്ചത്. കണ്ണൂർ ജില്ലയിലെ കക്കാട് സ്വദേശിയാണ്.
ജനകീയ നേതാവെന്ന് പേരെടുത്ത സുസമ്മതനായ വി എസ് സുനിൽ കുമാർ ഇത്തവണ തൃശൂർ ലോകസഭാ മണ്ഡലം തിരിച്ചു പിടിക്കുവാനാണ് മത്സര രംഗത്തേക്കിറങ്ങുന്നത്. 1992 മുതൽ സിപിഐ സംസ്ഥാന കൗൺസിൽ അംഗമായ സുനിൽ കുമാർ വിദ്യാർതഥി, യുവജന പ്രസ്ഥാനത്തെ നയിച്ചു.
2006ൽ ചേർപ്പ് നിയോജകമണ്ഡലത്തിൽ നിന്നും 2011ൽ കയ്പമംഗലം മണ്ഡലത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടു. 2016ൽ തൃശൂർ നിയോജക മണ്ഡലത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട വി എസ് സുനിൽകുമാർ കൃഷി മന്ത്രിയായിരുന്നു. തൃശൂർ അന്തിക്കാട് സ്വദേശിയാണ്.
എഐഎസ്എഫിന്റെ സജീവ നേതാവും ജനയുഗം പത്രത്തിൽ പ്രാദേശിക ലേഖകനുമായിരുന്ന അഡ്വ. സി എ അരുൺകുമാറിന് മാവേലിക്കരയിൽ കന്നിയങ്കമാണ്. കായംകുളം സ്വദേശിയായ അരുൺകുമാർ വിദ്യർതഥി യുവജന പോരാട്ടങ്ങൾക്ക് നേതൃത്വം കൊടുത്തു

