അണ്ണാ സര്‍വകലാശാല ലൈംഗിക അതിക്രമക്കേസിലെ പ്രതി ജ്ഞാനശേഖരന് ജീവപര്യന്തം തടവുശിക്ഷ. തൊണ്ണൂറായിരം രൂപ പിഴയും വിധിച്ചിട്ടുണ്ട്. ചെന്നൈ മഹിളാ കോടതിയാണ് പ്രതിയ്ക്ക് ശിക്ഷ വിധിച്ചത്. കുറ്റപത്രത്തില്‍ പറഞ്ഞ എല്ലാ കുറ്റകൃത്യങ്ങളും ഇയാള്‍ ചെയ്‌തെന്ന് തെളിഞ്ഞതായി കോടതി അറിയിച്ചു. പ്രതിക്ക് 30 വര്‍ഷത്തില്‍ കുറയാതെ ശിക്ഷ നല്‍കണമെന്ന് കോടതി ഉത്തരവില്‍ പറയുന്നു.
2024 ഡിസംബര്‍ 23നാണ് രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനി ക്രൂരമായ ലൈംഗിക അതിക്രമത്തിന് ഇരയായത്. പെണ്‍കുട്ടിയെ വലിച്ചിഴച്ച് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് മൊഴി. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ മര്‍ദിച്ച് അവശനാക്കിയതിന് ശേഷമായിരുന്നു ക്രൂരപീഡനം. വഴിയോരത്ത് ബിരിയാണി കച്ചവടം നടത്തുന്നയാളാണ് കോട്ടൂര്‍പുരം സ്വദേശിയായ ജ്ഞാനശേഖരന്‍(37). ഇയാള്‍ക്കെതിരെ കോട്ടൂര്‍പുരം പൊലീസ് സ്റ്റേഷനില്‍ വേറേയും കേസുകളുള്ളതായി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
ജ്ഞാനശേഖരനെതിരെ സെക്ഷന്‍ 329 (ക്രിമിനല്‍ അതിക്രമം), 126(2) (തെറ്റായ നിയന്ത്രണം), 87 (ഒരു സ്ത്രീയെ തട്ടിക്കൊണ്ടുപോകല്‍), 127(2), 75(2) എന്നിവയോടൊപ്പം 75(i), (ii), (iii), 76, 64(1) (ബലാത്സംഗം), 351(3), 238(b) ഓഫ് ബിഎന്‍എസ് ആന്‍ഡ് ബിഎന്‍എസ്എസ്, സെക്ഷന്‍ 66 ഓഫ് ഐടി ആക്ട്, തമിഴ്‌നാട് സ്ത്രീ പീഡന നിരോധന നിയമത്തിലെ സെക്ഷന്‍ 4 എന്നിവയാണ് ചുമത്തിയിരിക്കുന്നത്. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്.
