ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ സ്ഥാനാർത്ഥി നിർണയത്തിൽ പാർട്ടിക്ക് പിശക് പറ്റിയെന്ന വിമർശനവുമായി ആനി രാജ. വയനാട്ടിൽ രാഹുൽ ഗാന്ധിക്കെതിരെ മത്സരിക്കാൻ തന്നെ നിയോഗിച്ചത് ശരിയായില്ലെന്നും അവർ ദേശീയ നേതൃയോഗത്തിൽ തുറന്നടിച്ചു. വയനാട്ടിൽ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നതിനിടെയാണ് ആനി രാജയുടെ വിമർശനം.
സി.പി.ഐ ദേശീയ നിർവാഹകസമിതി യോഗത്തിൽ വയനാട്ടിലെ സ്ഥാനാർത്ഥി നിർണയത്തിൽ പിശകുസംഭവിച്ചെന്ന് പല നേതാക്കളും ചൂണ്ടിക്കാട്ടി. രാഹുലിനെതിരേ ആനി രാജ മത്സരിച്ചത് കൊണ്ട് പാർട്ടിക്കോ മുന്നണിക്കോ ആനി രാജക്കോ ഗുണമുണ്ടായില്ലെന്നും നേതാക്കൾ വിമർശിച്ചു. കോൺഗ്രസിന്റെ പ്രധാന നേതാവായ രാഹുൽഗാന്ധിക്കെതിരേ സി.പി.ഐ.യുടെ ദേശീയ മുഖമായ ആനി രാജ മത്സരിച്ചത് ഇന്ത്യസഖ്യത്തെ പരിഹസിക്കാൻ ബി.ജെ.പി. ആയുധമാക്കിയെന്നും ഇതിന് അവസരമൊരുക്കേണ്ടിയിരുന്നില്ലെന്നുമായിരുന്നു ചർച്ചയിൽ പല നേതാക്കളും അഭിപ്രായപ്പെട്ടത്.
രാഹുലിന്റെ ഭൂരിപക്ഷത്തിൽ ഇടിവുണ്ടായെന്നത് വസ്തുതയാണ്. അത് സി.പി.ഐ.യുടെ നേട്ടത്തിലേക്ക് വഴിമാറിയെന്ന് പറയാനാവില്ല. ബി.ജെ.പി.യുടെ വോട്ട് വർധിക്കുകയുംചെയ്തു. ആനി രാജയുടെ സാന്നിധ്യംകൊണ്ട് സി.പി.ഐ.ക്ക് മണ്ഡലത്തിൽ കാര്യമായ മുന്നേറ്റമുണ്ടാക്കാനായില്ല. സ്വന്തം സ്ഥാനാർഥിത്വത്തെ ആനി രാജ തള്ളിപ്പറഞ്ഞത് സംസ്ഥാന നേതൃത്വത്തിനെതിരായ ഒളിയമ്പായും വ്യാഖ്യാനിക്കുന്നുണ്ട്. രാജ്യസഭാസീറ്റിലേക്ക് പരിഗണിക്കാത്തതിലെ അതൃപ്തിയും പ്രകടമാണ്.
കെ. പ്രകാശ് ബാബുവിനെയോ ആനി രാജയെയോ രാജ്യസഭയിലേക്ക് പരിഗണിക്കുമെന്ന അഭ്യൂഹത്തിനിടെയാണ് പി.പി. സുനീറിന്റെ പേര് കടന്നുവന്നത്. ഇതേച്ചൊല്ലിയുള്ള മുറുമുറുപ്പ് കേരളഘടകത്തിലുണ്ട്. വയനാട്ടിൽ പ്രിയങ്കാ ഗാന്ധി മത്സരിക്കാനെത്തുമ്പോൾ സി.പി.ഐ. വീണ്ടും തനിക്കുവേണ്ടി സമ്മർദവുമായി വരേണ്ടെന്ന സൂചനകൂടിയാണ് ആനി രാജയുടെ തുറന്നുപറച്ചിലെന്ന് സംസാരമുണ്ട്.

