സംസ്ഥാനത്ത് വീണ്ടും നിപ മരണമെന്ന് സംശയം; ചികിത്സയിലിരിക്കെ മരിച്ച 58 വയസ്സുകാരന് പ്രാഥമിക പരിശോധനയില്‍ നിപ വൈറസ് ബാധ സ്ഥിരീകരിച്ചു


പാലക്കാട്: സംസ്ഥാനത്ത് വീണ്ടും നിപ മരണമെന്ന് സംശയം. ചികിത്സയിലിരിക്കെ മരിച്ച 58 വയസ്സുകാരന് പ്രാഥമിക പരിശോധനയില്‍ നിപ വൈറസ് ബാധ സ്ഥിരീകരിച്ചു. മണ്ണാര്‍ക്കാട് കുമരംപുത്തൂര്‍ സ്വദേശിയായ 58 വയസ്സുകാരന്‍ ആണ് ശനിയാഴ്ച വൈകീട്ട് അഞ്ച് മണിയോടെ മരിച്ചത്. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. പുതിയ രോഗ ബാധയുടെ പശ്ചാത്തലത്തില്‍ ജില്ലയില്‍ ജാഗ്രത കര്‍ശനമാക്കാന്‍ ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചു.


അതേസമയം, പാലക്കാട് നേരത്തെ നിപ ബാധ സ്ഥിരീകരിച്ച 38 കാരിയുടെ ആരോഗ്യ നില ഗുരുതരമായി തുടരുകയാണ്. നിപ ബാധയുടെ പശ്ചാത്തലത്തില്‍ മലപ്പുറം, പാലക്കാട് സ്വദേശികളുടെ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 497 പേര്‍ ഉള്ളതായി ആരോഗ്യ വകുപ്പ് വ്യക്തമാക്കിയിരുന്നു. മലപ്പുറം ജില്ലയില്‍ 203 പേരും കോഴിക്കോട് 114 പേരും പാലക്കാട് 178 പേരും എറണാകുളത്ത് 2 പേരുമാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്. മലപ്പുറത്ത് 10 പേരാണ് ചികിത്സയിലുള്ളത്. ഒരാള്‍ ഐസിയു ചികിത്സയിലുണ്ട്. മലപ്പുറം ജില്ലയില്‍ ഇതുവരെ 62 സാമ്പിളുകള്‍ നെഗറ്റീവ് ആയിട്ടുണ്ട്. പാലക്കാട് 5 പേര്‍ ഐസൊലേഷനില്‍ ചികിത്സയിലാണ്. 5 പേരെ ഡിസ്ചാര്‍ജ് ചെയ്തു. സംസ്ഥാനത്ത് ആകെ 14 പേര്‍ ഹൈയസ്റ്റ് റിസ്‌കിലും 82 പേര്‍ ഹൈ റിസ്‌ക് വിഭാഗത്തിലും നിരീക്ഷണത്തിലാണ്. കേന്ദ്ര സംഘം മലപ്പുറം, പാലക്കാട് ജില്ലകള്‍ സന്ദര്‍ശിച്ചു.


നേരത്തെ, പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചിരുന്നു. തച്ചനാട്ടുകര പഞ്ചായത്തിലെ 7, 8, 9, 11 വാര്‍ഡുകളിലും കരിമ്പുഴ പഞ്ചായത്തിലെ 17, 18 വാര്‍ഡുകളിലും നിലവിലുണ്ടായിരുന്ന കണ്ടെയിന്‍മെന്റ് സോണ്‍ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചിരിക്കുന്നു. നിലവില്‍ ക്വാറന്റൈനില്‍ കഴിയുന്ന വ്യക്തികള്‍ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ക്വാറന്റീനില്‍ തുടരേണ്ടതാണ്. നിയന്ത്രണങ്ങള്‍ നീങ്ങിയെങ്കിലും ജാഗ്രത തുടരണമെന്നും ജില്ലാ കലക്ടര്‍ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ നിര്‍ദേശിച്ചു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: