Headlines

പി വി അൻവറിന് വീണ്ടും തിരിച്ചടി; തൃണമൂലിനെ യുഡിഎഫിലെടുക്കില്ല

തിരുവനന്തപുരം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന്റെ പേരിൽ തങ്ങളോട് വിലപേശുന്ന പി വി അൻവറിന് ചെക്ക് പറയാൻ കോൺ​ഗ്രസ്. തൃണമൂൽ കോൺ​ഗ്രസിനെ കേരളത്തിലെ ഐക്യജനാധിപത്യ മുന്നണിയുടെ ഭാ​ഗമാക്കാനാകില്ലെന്ന നിലപാടിലാണ് കോൺ​ഗ്രസ് നേതൃത്വം. അതേസമയം, പി വി അൻവറിന് വ്യക്തിപരമായി കോൺ​ഗ്രസിലോ യുഡിഎഫിലെ മറ്റേതെങ്കിലും പാർട്ടിയിലോ ചേർന്ന് പ്രവർത്തിക്കുന്നതിന് തടസമില്ല. ഇക്കാര്യം കോൺ​ഗ്രസ് നേതൃത്വം ഔദ്യോ​ഗികമായി തന്നെ അൻവറിനെ അറിയിക്കും. നിലമ്പൂർ നിയമസഭാ മണ്ഡലത്തിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ താൻ നിർദ്ദേശിക്കുന്നയാളെ കോൺ​ഗ്രസ് സ്ഥാനാർത്ഥിയാക്കണമെന്ന നിലപാട് ഉയർത്തുന്നതിനിടെയാണ് അൻവറിന്റെ തൃണമൂൽ കോൺ​ഗ്രസിനെ തള്ളിയുള്ള കോൺ​ഗ്രസ് നിലപാട്.

തൃണമൂൽ കോൺ​ഗ്രസിനെ യുഡിഎഫിന്റെ ഭാ​ഗമാക്കേണ്ടതില്ലെന്ന് തന്നെയാണ് കോൺ​ഗ്രസ് ദേശീയ നേതൃത്വത്തിന്റെയും നിലപാട്. ദേശീയ തലത്തിൽ കോൺ​ഗ്രസുമായി സഖ്യത്തിലുള്ള പാർട്ടിയല്ല തൃണമൂൽ എന്നതാണ് ദേശീയ നേതൃത്വം ചൂണ്ടിക്കാട്ടുന്നത്. മാത്രവുമല്ല, തരംകിട്ടുമ്പോഴൊക്കെ തൃണമൂൽ നേതാവും പശ്ചിമ ബം​ഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി കോൺ​ഗ്രസിനെ നിശിതമായി വിമർശിക്കാറുമുണ്ട്. ദേശീയതലത്തിൽ കോൺഗ്രസുമായി യോജിച്ചുനിൽക്കാത്ത തൃണമൂലുമായി സംസ്ഥാനത്ത് കൈകോർക്കാനാവില്ലെന്ന ദേശീയ നേതൃത്വത്തിന്റെ നിലപാട് കേരളത്തിലെ കോൺ​ഗ്രസ് നേതൃത്വവും അം​ഗീകരിക്കുകയായിരുന്നു.

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ മുന്നണി പ്രവേശനം കാത്തുനിൽക്കുന്ന അൻവറിനെ കോൺഗ്രസ് നേതൃത്വം ഇക്കാര്യം അറിയിക്കും. ഈ മാസം 23നു അൻവറുമായി കോൺഗ്രസ് നേതാക്കൾ തിരുവനന്തപുരത്ത് കൂടിക്കാഴ്ച നടത്തുമെന്നാണു വിവരം. തൃണമൂലിന്റെ സംസ്ഥാന കൺവീനറായ അൻവർ, പാർട്ടി ഉപേക്ഷിച്ച് യുഡിഎഫിൽ ചേരാൻ തയാറാകുമോയെന്നാണ് അറിയേണ്ടത്. വി.എസ്.ജോയിയോടാണു താൽപര്യമെങ്കിലും യുഡിഎഫ് നിർത്തുന്ന ഏതു സ്ഥാനാർഥിയെയും പിന്തുണയ്ക്കുമെന്ന് കോൺഗ്രസ് നേതൃത്വത്തെ അൻവർ അറിയിച്ചിട്ടുണ്ട്. പകരം, ഉപതിരഞ്ഞെടുപ്പിനു മുൻപു മുന്നണിയിലെടുക്കണമെന്നാണ് ആവശ്യം.

ദേശീയതലത്തിൽ ഇന്ത്യാസഖ്യം രൂപീകരിക്കാൻ കോൺഗ്രസും തൃണമൂലും ഒന്നിച്ചു നിന്നെങ്കിലും ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപ് തെറ്റിപ്പിരി‍ഞ്ഞു. കോൺഗ്രസിനൊപ്പം സഖ്യത്തിനില്ലെന്നു പ്രഖ്യാപിച്ച തൃണമൂൽ നേതാവ് മമത ബാനർജി, ലോക്സഭാ പോരിൽ ബംഗാളിൽ ഒറ്റയ്ക്കു മത്സരിച്ചു. മഹാരാഷ്ട്ര, ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ദയനീയമായി പരാജയപ്പെട്ട കോൺഗ്രസിനെ നിശിതമായി വിമർശിച്ച് തൃണമൂൽ രംഗത്തുവന്നതും ഇരുകക്ഷികളും തമ്മിലുള്ള ബന്ധം വഷളാക്കി.

തരംകിട്ടുമ്പോഴെല്ലാം കടന്നാക്രമിക്കുന്ന തൃണമൂലുമായി കേരളത്തിൽ ഒന്നിക്കേണ്ടതില്ലെന്നാണു ഹൈക്കമാൻഡിന്റെ തീരുമാനം. ഒറ്റയ്ക്കു വന്നാൽ ഒപ്പംകൂട്ടാമെന്ന കോൺഗ്രസ് നിലപാടിൽ മമതയുടെ കൂടി അഭിപ്രായം തേടിയ ശേഷമായിരിക്കും അൻവർ തീരുമാനമെടുക്കുക. നിലമ്പൂർ സ്ഥാനാർഥിയുടെ കാര്യത്തിൽ അൻവർ ഒരുതരത്തിലുള്ള സമ്മർദവും ചെലുത്തുന്നില്ലെന്നും വിജയസാധ്യതയുടെ അടിസ്ഥാനത്തിൽ ആര്യാടൻ ഷൗക്കത്തിനെയോ വി.എസ്.ജോയിയെയോ തീരുമാനിക്കുമെന്നും കോൺഗ്രസ് വൃത്തങ്ങൾ പറഞ്ഞു. സ്ഥാനാർഥിയായി കോൺഗ്രസ് ആരെ തീരുമാനിച്ചാലും അംഗീകരിക്കുമെന്ന് മുസ്‌ലിം ലീഗ് അറിയിച്ചിട്ടുണ്ട്.

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ വി.എസ്.ജോയിയെ കോൺഗ്രസ് സ്ഥാനാർഥിയാക്കണമെന്നാണ് അൻവറിന്റെ ആവശ്യം.എന്നാൽ, ആര്യാടൻ ഷൗക്കത്തിനെ മത്സരിപ്പിക്കണമെന്ന വികാരമാണ് കോൺഗ്രസ് നേതൃത്വത്തിനുള്ളത്. മുസ്ലീം ലീഗിനും ആര്യാടൻ ഷൗക്കത്ത് മത്സരിക്കണമെന്ന നിലപാടാണ്.

ഷൗക്കത്തിനെ സ്ഥാനാർത്ഥിയാക്കിയാൽ തന്റെ പിന്തുണയുണ്ടാകില്ലെന്ന് അൻവർ കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചെന്നാണ് റിപ്പോർട്ട്. സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാക്കൾ ഒന്നിലേറെ തവണ അൻവറുമായി ചർച്ച നടത്തിയിരുന്നു. എന്നാൽ, തന്റെ നിലപാടിൽ നിന്നും പിന്നോട്ടില്ലെന്നാണ് അൻവർ കോൺഗ്രസ് നേതാക്കളോട് വ്യക്തമാക്കിയത്. തന്റെ നിർദ്ദേശം അംഗീകരിക്കുന്നില്ലെങ്കിൽ നിലമ്പൂരിൽ യുഡിഎഫിന് വലിയ വിലകൊടുക്കേണ്ടി വരുമെന്ന സൂചനയും അൻവർ നൽകുന്നുണ്ട്.

ഇതിനിടെ, കോൺഗ്രസിന്റെ സ്ഥാനാർത്ഥി നിർണയം വരെ മാധ്യമങ്ങളോട് പ്രതികരിക്കില്ലെന്നും അൻവർ പ്രഖ്യാപിച്ചു. ഫെയ്സ്ബുക്ക് പോസ്റ്റിലൂെടയാണ് അൻവറിന്റെ പ്രഖ്യാപനം. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിലെ യു‍ഡിഎഫ് സ്ഥാനാർഥിയെ പ്രഖ്യാപിക്കുന്നതുവരെ മാധ്യമങ്ങളോട് സംസാരിക്കില്ലെന്നാണ് അൻവർ സമൂഹ മാധ്യമത്തിൽ കുറിച്ചത്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: