Headlines

സിംഗപ്പൂരിൽ വീണ്ടുമൊരു കൊവിഡ് തരംഗം റിപ്പോര്‍ട്ട്

വീണ്ടും കൊവിഡ് കേസുകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വാര്‍ത്തായിടങ്ങളില്‍ ഇടം പിടിക്കുന്നു. സിംഗപ്പൂരിലാണ് ഇപ്പോള്‍ വീണ്ടുമൊരു കൊവിഡ് തരംഗം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഏപ്രിൽ 27 മുതൽ മെയ് 3 വരെയുള്ള കാലയളവില്‍ 14,200 പേർക്കാണ്‌ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്‌ എന്നാണ് ആരോഗ്യ മന്ത്രാലയവും (MOH) കമ്മ്യൂണിക്കബിൾ ഡിസീസ് ഏജൻസിയും (CDA) ഒരു പ്രസ്താവനയിൽ അറിയിച്ചിരിക്കുന്നത്.

ഇതിന് മുൻപുള്ള ആ‍ഴ്ച 11,100 കേസുകളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതേസമയം കൊവിഡ്-19 അണുബാധകളുടെ സമീപകാല വർദ്ധനവ് നിരീക്ഷിച്ചുവരികയാണെന്നും, പ്രാദേശികമായി പ്രചരിക്കുന്ന വൈറസിന്റെ വകഭേദങ്ങൾ മുമ്പത്തേതിനേക്കാൾ കൂടുതൽ പകരാൻ സാധ്യതയുള്ളതായി സൂചനയില്ലെന്നുമാണ് സിംഗപ്പൂരിലെ ആരോഗ്യ അധികൃതർ അറിയിച്ചിരിക്കുന്നത്.അതിനിടെ കൊവിഡ്-19 അണുബാധകളുടെ വർദ്ധനവ് ജനസംഖ്യയിലെ പ്രതിരോധശേഷി കുറയുന്നത് ഉൾപ്പെടെയുള്ള നിരവധി ഘടകങ്ങൾ മൂലമാകാമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.

നിലവിൽ, ‘JN.1’ വേരിയന്റിന്റെ പിൻഗാമികളായ ‘LF.7’ , ‘NB.1.8’ എന്നീ വകഭേദങ്ങളാണ് രാജ്യത്ത് വ്യാപിച്ചുകൊണ്ടിരിക്കുന്നത്. രോഗവ്യാപനം കണക്കിലെടുത്ത് ആരോഗ്യ വകുപ്പ് ജനങ്ങള്‍ക്കായി ചില മാര്‍ഗനിര്‍ദേശങ്ങള്‍ ഇപ്പോള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. മൂക്കൊലിപ്പ്, തൊണ്ടവേദന, തലവേദന അല്ലെങ്കിൽ പനി പോലുള്ള ലക്ഷണങ്ങൾ കാണിക്കുമ്പോൾ ജനങ്ങ‍ള്‍ മാസ്ക് ധരിക്കാനും സാമൂഹിക അകലം പാലിക്കാനുമാണ് നിര്‍ദേശം. പനി അടക്കം കടുത്താല്‍ സ്വയം ചികിത്സ ഒ‍ഴിവാക്കി ഡോക്ടര്‍മാരുടെ സേവനം തേടണമെന്നും നിര്‍ദേശമുണ്ട്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: