തിരുവനന്തപുരം: പിവി അന്‍വർ ഇടത് മൂല്യങ്ങളുടെ കാവൽക്കാരനല്ലെന്നും അൻവറിനെ ഉൾക്കൊള്ളാനാകില്ല എന്ന് തുടക്കം മുതൽ തങ്ങൾ നിലപാട് എടുത്തിരുന്നുവെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പിവി അൻവറിന്‍റെ ആരോപണങ്ങള്‍ പെട്ടെന്ന് ഉത്തരം പറയാവുന്ന വിഷയം അല്ലെന്നും ചര്‍ച്ച ചെയ്തശേഷം വിശദമായ മറുപടി നല്‍കുമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. 2011ൽ ഏറനാട്ടിൽ എല്‍ഡിഎഫിനെ വെല്ലുവിളിച്ചുകൊണ്ടാണ് പിവി അൻവര്‍ മത്സരിച്ചത്. അന്ന് എൽഡിഎഫ് സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്താനാണ് അൻവര്‍ മത്സരിച്ചത്.
എന്തെല്ലാം പ്രലോഭനവും സമ്മര്‍ദം വന്നാലും കമ്യൂണിസ്റ്റ് മൂല്യങ്ങള്‍ക്കുവേണ്ടിയാണ് അന്ന് എൽഡിഎഫ് അവിടെ മത്സരിച്ചത്. കെട്ടിവെച്ച കാശുപോലും എല്‍ഡിഎഫിന് കിട്ടിയില്ല. എന്നാല്‍, ആ പോരാട്ടം നീതിക്കും കമ്യൂണിസ്റ്റ് മൂല്യം കാത്തുസൂക്ഷിക്കാനും വേണ്ടിയായിരുന്നു. പുതിയ രാഷ്ട്രീ വിവാദങ്ങളില്‍ ഇടതുപക്ഷ മൂല്യങ്ങള്‍ മുറുകെ പിടിക്കുന്ന പരിഹാരമാണ് വേണ്ടത്.
അതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയിലും എല്‍ഡിഎഫിലും ഉണ്ടാകുമെന്ന് കരുതുകയാണ്. മൂല്യങ്ങള്‍ മറന്ന് പരിഹാരം തേടരുത്. ചര്‍ച്ച നടത്തിയേ മറുപടി പറയാനാകു. ഒരു ഭാഗത്ത് എല്‍ഡിഎഫും മറുഭാഗത്ത് എല്‍ഡിഎഫ് വിരുദ്ധരുമാണുള്ളത്. എല്‍ഡിഎഫിന്‍റെ ഭാഗത്ത് ഉറച്ചുനിന്നുകൊണ്ട് ഇക്കാര്യത്തിൽ ഇടതുപക്ഷത്തിന് നിലപാട് സ്വീകരിക്കാനാകും.
ഇടത് മൂല്യങ്ങളുടെ കാവൽക്കാരനല്ല അന്‍വര്‍. അൻവറിനെ ഉൾക്കൊള്ളാനാകില്ല എന്ന് തുടക്കം മുതൽ സിപിഐ നിലപാട് എടുത്തിരുന്നു. അൻവറിനെതിരെ സിപിഐ നടത്തിയ പോരാട്ടം നീതിക്ക് വേണ്ടിയായിരുന്നു. അധികകാലം എംആർ അജിത് കുമാറിന് ക്രമസമാധാന ചുമതലയിൽ തുരാനാകില്ല. അജിത് കുമാർ തുടരുന്നത് ശരിയുമല്ല. അത് സിപിഐക്ക് ഉറപ്പിച്ച് പറയനാകുമെന്നും ബിനോയ് വിശ്വം കൂട്ടിച്ചേര്‍ത്തു.

