Headlines

പാലക്കാട് ജില്ലക്ക് പുറമെ തൃശൂരിലും ഉഷ്ണ തരംഗം; അതീവ ജാഗ്രത വേണമെന്ന് നിര്‍ദേശം

തൃശൂര്‍: പാലക്കാട് ജില്ലക്ക് പിന്നാലെ തൃശൂര്‍ ജില്ലയിലും ഉഷ്ണ തരംഗം സ്ഥിരീകരിച്ചുവെന്ന് മന്ത്രി കെ രാജന്‍. കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്ന് വൈകുന്നേരം പുറപ്പെടുവിച്ച താപനില കണക്കുപ്രകാരം പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില സാധാരണയേക്കാള്‍ 5 മുതല്‍ 5.5 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ സാഹചര്യം കണക്കിലെടുത്ത് അതീവ ജാഗ്രത വേണമെന്ന് മന്ത്രി അറിയിച്ചു

‘പൊതുജനങ്ങള്‍ വേണ്ട ജാഗ്രത പാലിക്കണമെന്ന് കളക്ടര്‍ അറിയിച്ചിട്ടുണ്ട്. പൊലീസ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ, ജില്ലാ മെഡിക്കല്‍ ഓഫീസര്‍, വിദ്യാഭ്യാസ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, തൊഴില്‍ വകുപ്പ് തുടങ്ങിയവര്‍ക്കെല്ലാം ജില്ലാ കളക്ടര്‍ ഉഷ്ണതരംഗം നേരിടുന്നതിന് വേണ്ടിയുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. സൂര്യാഘാതവും സൂര്യാതപവും ഏല്‍ക്കാന്‍ സാധ്യത കൂടുതലാണ്. സൂര്യാഘാതം മരണത്തിലേക്ക് വരെ നയിച്ചേക്കാമെന്നും മന്ത്രി പറഞ്ഞു. പൊതുജനങ്ങള്‍ സ്വയം നിയന്ത്രണം ഏര്‍പ്പെടുത്തി പരമാവധി പുറത്തിറങ്ങാതെ സുരക്ഷിതരായി ഇരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

ജാഗ്രതാ നിര്‍ദേശങ്ങള്‍:

# പകല്‍ സമയത്ത് പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കുക.
# ശരീരത്തില്‍ നേരിട്ട് വെയിലേല്‍ക്കുന്ന എല്ലാതരം പുറം ജോലികളും, കായിക വിനോദങ്ങളും, മറ്റ് പ്രവര്‍ത്തനങ്ങളും പൂര്‍ണ്ണമായും നിര്‍ത്തി വെക്കുക.
# ധാരാളമായി വെള്ളം കുടിക്കുക.
# അത്യാവശ്യങ്ങള്‍ക്ക് മാത്രം പുറത്തിറങ്ങുക. പുറത്തിറങ്ങുമ്പോള്‍ നിര്‍ബന്ധമായും കുടയും പാദരക്ഷയും ഉപയോഗിക്കുക.
# കായികാദ്ധ്വാനമുള്ള ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ ഇടവേളകള്‍ എടുത്തും വിശ്രമിച്ച് കൊണ്ടും മാത്രം ജോലിയില്‍ ഏര്‍പ്പെടുക.
# നിര്‍ജലീകരണം ഉണ്ടാക്കുന്ന മദ്യം, കാര്‍ബണേറ്റഡ് പാനീയങ്ങള്‍, ചായ കാപ്പി എന്നിവ പകല്‍ സമയത്ത് പൂര്‍ണ്ണമായും ഒഴിവാക്കുക.
# വൈദ്യുത ഉപകരണങ്ങള്‍ നിരന്തര ഉപയോഗം മൂലം ചൂട് പിടിച്ചും, വയര്‍ ഉരുകിയും തീപിടുത്തത്തിന് സാധ്യത ഉള്ളതിനാല്‍ ഓഫീസുകളിലും, വീടുകളിലും ഉപയോഗ ശേഷം ഇവ ഓഫ് ചെയ്യേണ്ടതാണ്. രാത്രിയില്‍ ഓഫീസുകളിലും, ഉപയോഗം ഇല്ലാത്ത മുറികളും ഉള്ള ഫാന്‍, ലൈറ്റ്, എ.സി എന്നിവ ഓഫ് ചെയ്ത് സൂക്ഷിക്കുക.

# വീട്ടിലും ഓഫീസിലും തൊഴിലിടത്തിലും വായു സഞ്ചാരം ഉറപ്പാക്കുക.
# മാര്‍ക്കറ്റുകള്‍, കെട്ടിടങ്ങള്‍, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങള്‍ (ഡംപിങ് യാര്‍ഡ്), ചപ്പ് ചവറുകളും, ഉണങ്ങിയ പുല്ലും ഉള്ള ഇടങ്ങളില്‍ എന്നിവടങ്ങളില്‍ തീപിടുത്ത സാധ്യത കൂടുതലാണ്. ഇവിടങ്ങളില്‍ ഫയര്‍ ഓഡിറ്റ് നടത്തേണ്ടതും കൃത്യമായ സുരക്ഷാ മുന്‍കരുതല്‍ സ്വീകരിക്കുകയും ചെയ്യേണ്ടതാണ്. ഇവയോട് ചേര്‍ന്ന് താമസിക്കുന്നവരും സ്ഥാപനങ്ങള്‍ നടത്തുന്നവരും പ്രത്യേകം ജാഗ്രത പാലിക്കുക.
# തൊഴിലുറപ്പ് പ്രവര്‍ത്തകരും, മാധ്യമപ്രവര്‍ത്തകരും, പുറം തൊഴിലില്‍ ഏര്‍പ്പെടുന്നവരും, പോലീസ് ഉദ്യോഗസ്ഥരും 11 am മുതൽ 3 pm വരെ കുടകള്‍ ഉപയോഗിക്കുകയും നേരിട്ട് വെയില്‍ ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കുകയും ചെയ്യുക. ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് കുടിവെള്ളം നല്‍കി നിര്‍ജലീകരണം തടയുവാന്‍ പൊതു സമൂഹം സഹായിക്കുക.

# വിദ്യാര്‍ഥികളുടെ കാര്യത്തില്‍ സ്‌കൂള്‍ അധികൃതരും രക്ഷിതാക്കളും പ്രത്യേകശ്രദ്ധ പുലര്‍ത്തേണ്ടതാണ്. കുട്ടികള്‍ക്ക് കൂടുതല്‍ വെയിലേല്‍ക്കുന്ന പരിപാടികള്‍ ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ ചെയ്യേണ്ടതാണ്. കുട്ടികളെ വിനോദ സഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്‌കൂളുകള്‍ 11 am മുതല്‍ 3 pm വരെ കുട്ടികള്‍ക്ക് നേരിട്ട് ചൂട് ഏല്‍ക്കുന്നില്ല എന്ന് ഉറപ്പ് വരുത്തുക.
# കിടപ്പ് രോഗികള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, ഭിന്നശേഷിക്കാര്‍, മറ്റ് രോഗങ്ങള്‍ മൂലമുള്ള അവശത അനുഭവിക്കുന്നവര്‍ തുടങ്ങിയ വിഭാഗങ്ങള്‍ക്ക് പ്രത്യേക കരുതല്‍ ഉറപ്പാക്കണം.
# എല്ലാവിധ പൊതുപരിപാടികളും വൈകുന്നേരങ്ങളിലേക്ക് മാറ്റി വക്കുന്നത് ഉചിതമായിരിക്കും.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: