മികച്ച സാങ്കേതിക വിദ്യകളുടെ പ്രയോഗം മൃഗസംരക്ഷണ മേഖലയ്ക്ക് കരുത്തേകും;മന്ത്രി ജെ ചിഞ്ചുറാണി


അടൂർ:മികച്ച സാങ്കേതിക വിദ്യകളുടെ പ്രയോഗം മൃഗസംരക്ഷണ മേഖലയ്ക്ക് കരുത്തേകുമെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി. മൃഗസംരക്ഷണ  വകുപ്പിന്റെ പ്രവർത്തനങ്ങൾ പൂർണമായി ഡിജിറ്റലാക്കുന്നതിന്റെ ഭാഗമായി   മൃഗസംരക്ഷണ വകുപ്പ് തയ്യാറാക്കിയിട്ടുള്ള ”ഇ-സമൃദ്ധ” എന്ന പേരിൽ   ഉള്ള  സമഗ്ര ഓൺലൈൻ പ്ലാറ്റ്‌ഫോമിന്റെ ഉദ്ഘാടനം അടൂരിൽ വച്ച് നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

കർഷകരുടെ വീട്ടുപടിക്കൽ നൽകി വരുന്ന മൃഗ ചികിത്സാ സേവനം, മികച്ച ബീജ മാത്രകളുടെ ഉപയോഗം, കന്നുകാലികളിലെ വന്ധ്യത നിവാരണ പദ്ധതി, സമഗ്ര കന്നുകാലി ഇൻഷുറൻസ് പദ്ധതി ഉൾപ്പെടെയുള്ള മികച്ച പദ്ധതികൾ ആസൂത്രണം ചെയ്തു നടപ്പിലാക്കിയതിലൂടെ സംസ്ഥാനത്തെ പാലുല്പാദനം വർദ്ധിപ്പിക്കാൻ സാധിച്ചതായും മന്ത്രി അറിയിച്ചു.

പത്തനംതിട്ട ജില്ലയിൽ  പരീക്ഷണാടിസ്ഥാനത്തിൽ വിജയകരമായി നടപ്പിലാക്കിയ  പദ്ധതി, സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കുന്നതിന്റെ സംസ്ഥാനതല  ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു.

നിയമസഭാ ഡെപ്യുട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിന്റെ അധ്യക്ഷതയിൽ, അടൂർ ആൾ സെയിന്റ്‌സ് പബ്ലിക്ക് സ്‌കൂൾ & ജൂനിയർ കോളേജ് ആഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങിൽ  കർഷകർക്കുള്ള മൊബൈൽ അപ്ലിക്കേഷനും   ഇ-സമൃദ്ധ വെബ്‌സൈറ്റും നാടിന് സമർപ്പിച്ചു. മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർ ഡോ. റെജിൽ എം സി പദ്ധതി വിശദീകരിച്ചു.

ചടങ്ങിനോട് അനുബന്ധിച്ച് ജില്ലയിലെ പറക്കോട് ബ്ലോക്കിലെ ഏറ്റവും കൂടുതൽ പാൽ അളക്കുന്ന രണ്ട് ക്ഷീര കർഷകരേയും ആദരിച്ചു. ഡിജിറ്റൽ യൂണിവേഴ്‌സിറ്റി കേരളയുടെ സാങ്കേതിക സഹായത്തോടെയാണ് ”ഇ- സമൃദ്ധ” പദ്ധതി നടപ്പിലാക്കുന്നത്. സംസ്ഥാനമൊട്ടാകെ മൾട്ടി സ്‌പെഷ്യാലിറ്റി വെറ്ററിനറി ഹോസ്പിറ്റൽ ഉൾപ്പെടയുള്ള 130 മൃഗചികിത്സാ സ്ഥാപനങ്ങളിലാണ്   ”ഇ-സമൃദ്ധ” പദ്ധതി പ്രവർത്തന സജ്ജമായിട്ടുള്ളത്. ഈ പദ്ധതി പൂർണ്ണ പ്രവർത്തനസജ്ജമാകുന്നതോടുകൂടി മൊബൈൽ ആപ്ലിക്കേഷൻ വഴി കർഷകർക്ക് ചികിത്സാ സേവനങ്ങൾ മുൻകൂട്ടി ബുക്ക് ചെയ്യാനും, ആരോഗ്യ സർട്ടിഫിക്കറ്റുകൾ ലഭ്യമാക്കാനും, മൃഗപരിപാലനവുമായി ബന്ധപ്പെട്ടുള്ള മറ്റു സേവനങ്ങളെല്ലാം തന്നെ വിരൽ തുമ്പിൽ ലഭ്യമാക്കാനും സാധിക്കും.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: