തിരുവനന്തപുരം: സംസ്ഥാന വിവരാവകാശ കമ്മിഷണർമാരായി മൂന്നുപേരെ ശുപാർശ ചെയ്തുകൊണ്ട് സർക്കാർ സമർപ്പിച്ച പട്ടിക ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മടക്കി അയച്ചു. പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് ഗവർണറുടെ വിശദീകരണം. പട്ടികയിലെ ചില ആളുകൾക്കെതിരെ സേവ് യൂണിവേഴ്സിറ്റി ഫോറം അടക്കം പരാതി നൽകിയിട്ടുണ്ട്. അതിൽ വിശദീകരണം വേണമെന്നാണ് ആവശ്യം.
ഡോ. സോണിച്ചന്‍ പി ജോസഫ്, എം ശ്രീകുമാര്‍, ടി കെ രാമകൃഷ്ണന്‍ എന്നിവരാണ് വിവരാവകാശ കമ്മിഷണര്‍മാരാവാനുള്ള പട്ടികയിലുള്ളത്. ഇതില്‍ ഒരാള്‍ മാധ്യമപ്രവര്‍ത്തകനും രണ്ടു പേര്‍ അധ്യാപകരുമാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, മന്ത്രി പി രാജീവ് എന്നിവരടങ്ങിയ സമിതിയാണ് വിവരാവകാശ കമ്മിഷണര്‍മാരുടെ പട്ടിക ശുപാര്‍ശ ചെയ്തത്.
പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരേ സാമ്പത്തിക ക്രമക്കേട് അടക്കം നിരവധി പരാതികള്‍ ലഭിച്ചിരുന്നു. ഇതിന്റെ നിജസ്ഥിതി അറിയാനായി ഗവര്‍ണര്‍ വിജിലന്‍സ് ക്ലിയറന്‍സും നിര്‍ദേശിച്ചിരുന്നു. പരാതികളില്‍ ചിലത് ശരിയാണെന്നു കണ്ടെത്തിയ സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ വിശദീകരണം തേടി പട്ടിക ഗവര്‍ണര്‍ തിരിച്ചയച്ചത്

