തൃശൂർ: കാലിക്കറ്റ് സർവകലാശാല ഡി സോൺ കലോത്സവത്തിനിടെ കെ.എസ്.യു-എസ്.എഫ്.ഐ പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി. മാള ഹോളി ഗ്രേസ് കോളജിലാണ് കലോത്സവം നടക്കുന്നത്. ഇരുഭാഗത്തുമായി 20 ഓളം വിദ്യാർഥി പ്രവർത്തകർക്ക് സംഘർഷത്തിൽ പരിക്കേറ്റു. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. കെ.എസ്.യു ജില്ല പ്രസിഡന്‍റ് ഗോകുൽ ഗുരുവായൂരിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമണം നടത്തിയതെന്നാണ് എസ്.എഫ്.ഐ ആരോപണം. എന്നാൽ, എസ്.എഫ്.ഐ പ്രവർത്തകരാണ് അക്രമത്തിന് പിന്നിലെന്ന് കെ.എസ്‍.യുവും ആരോപിച്ചു. എസ്.എഫ്.ഐ കേരളവർമ കോളജ് യൂണിറ്റ് പ്രസിഡന്‍റ് ആഷിഖിന് സംഘർഷത്തിൽ സാരമായ പരിക്കേറ്റിരുന്നു. ആഷിഖിനെ വളഞ്ഞിട്ട് മർദിക്കുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പൊലീസെത്തി ലാത്തിവീശിയതോടെയാണ് ഇരുകൂട്ടരും തമ്മിലുള്ള സംഘർഷം അയഞ്ഞത്.
ഡി സോൺ കലോത്സവത്തിലെ സ്കിറ്റ് മത്സരത്തിന് പിന്നാലെയായിരുന്നു കെ.എസ്.യു-എസ്.എഫ്.ഐ പ്രവർത്തകർ തമ്മിൽ ആക്രമണം ഉണ്ടായത്. ഇതേതുടർന്ന് പരിക്കേറ്റ കെ.എസ്.യു പ്രവർത്തകരെ ആശുപത്രിയിലേക്ക് കൊണ്ടുപോയ ആംബുലൻസ് കൊരട്ടിയിൽ തടഞ്ഞ് ആക്രമിച്ച സംഭവവുമുണ്ടായി. ഇതിന്‍റെയും ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. കെ.എസ്.യു-എം.എസ്.എഫ് സഖ്യത്തിലുള്ള സർവകലാശാല യൂണിയനാണ് കലോത്സവത്തിന് നേതൃത്വം നൽകുന്നത്. കലോത്സവത്തിലെ മത്സരങ്ങൾ തുടങ്ങുന്നത് ഏറെ വൈകുന്നതും ഫലപ്രഖ്യാപനത്തിലെ അപാകതകളും സംബന്ധിച്ച് തുടക്കം മുതൽ തർക്കങ്ങളുണ്ടായിരുന്നു. സംഘർഷത്തെ തുടർന്ന് ഡി സോൺ കലോത്സവത്തിലെ മറ്റ് മത്സരങ്ങൾ നിർത്തിവെച്ചു.
