ഹാങ്ചൗ: ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് പത്താം സ്വർണം. സ്ക്വാഷ് പുരുഷ ടീം വിഭാഗത്തിൽ പാകിസ്ഥാനെ തോൽപ്പിച്ചാണ് ഇന്ത്യ പത്താം സ്വർണം നേടിയത്. പാകിസ്ഥാനെ 2-1ന് ആണ് ഇന്ത്യ പരാജയപ്പെടുത്തിയത്.
നേരത്തെ ടെന്നീസ് മിക്സഡ് ഡബിൾസിൽ ഇന്ത്യയുടെ രോഹൻ ബൊപ്പണ്ണ ഋതുജ ഭോസ്ലെ സഖ്യമാണ് സുവർണ നേട്ടം തൊട്ടത്. ഫൈനലിൽ ചൈനീസ് തായ്പേയ് സഖ്യം സുങ് ഹാവോ ഹുവാങ്- എൻ ഷുവോ ലിയാങ് സഖ്യത്തെ വീഴ്ത്തിയാണ് സ്വർണം സ്വന്തമാക്കിയത്.
പിന്നിൽ നിന്നു തിരിച്ചടിച്ചാണ് ഇന്ത്യൻ സഖ്യത്തിന്റെ സുവർണ നേട്ടം. ആദ്യ സെറ്റ് കൈവിട്ട സഖ്യം രണ്ടും മൂന്നും സെറ്റുകൾ വിജയിച്ചാണ് സ്വർണം ഉറപ്പിച്ചത്. സ്കോർ: 2-6, 6-3, 10-4.
ഗെയിംസിൽ ആറെണ്ണം ഷൂട്ടിങ്ങിലും വനിതാ ക്രിക്കറ്റിലും മിക്സഡ് ഡബിൾസിലും ഇക്വേസ്ട്രിയനിലും ഓരോന്ന് വീതവുമാണ് മറ്റ് സ്വർണം. പത്ത് സ്വർണം, 13 വീതം വെള്ളി, വെങ്കലം മെഡലുകളുമായി ഇന്ത്യയുടെ ആകെ നേട്ടം 36ൽ എത്തി.