കണ്ണൂർ: എടിഎം തുറന്ന് കവർച്ചാ നടത്തുന്നതിനിടെ പോലീസ് എത്തിയതോടെ പ്രതി ഓടി രക്ഷപെട്ടു. കണ്ണൂരിലെ ഇരിക്കൂറിൽ നഗരമധ്യത്തിലുള്ള കാനറാ ബാങ്കിന്റെ എടിഎമ്മിലാണ് കവർച്ചാശ്രമം നടന്നത്. തിങ്കളാഴ്ച രാത്രി 12.30 -ഓടെയാണ് സംഭവം നടന്നത്.
മുഖംമറച്ചുകൊണ്ടാണ് മോഷ്ടാവ് എത്തിയത്. ഇയാൾ എടിഎം തുറന്ന് കവർച്ചനടത്താനാണ് ശ്രമിച്ചത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ ഡൽഹിയിലുള്ള കാനറാ ബാങ്കിന്റെ ഓഫീസിൽനിന്ന് കാണുകയും തുടർന്ന് അവിടെ നിന്നും പോലീസിൽ വിവരമറിയിക്കുകയുമായിരുന്നു. ഇതേതുടർന്ന് ഉടൻതന്നെ പോലീസ് സംഭവസ്ഥലത്തേക്കെത്തിയെങ്കിലും പോലീസിനെ കണ്ട മോഷ്ടാവ് ഓടിരക്ഷപ്പെടുകയായിരുന്നു.
രക്ഷപെട്ട മോഷ്ടാവിനെ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. നിലവിൽ ഇരിക്കൂറിലും സമീപ പ്രദേശങ്ങളിലുമുള്ള സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് പോലീസ് അന്വേഷണം നടത്തിവരികയാണ്
