മുംബൈ: പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനികളെ അശ്ലീല വിഡിയോ കാണിച്ച് പീഡിപ്പിക്കാൻ ശ്രമിച്ച സ്കൂൾ അധ്യാപകൻ അറസ്റ്റിൽ. അകോല നഗരത്തിൽനിന്ന് 40 കിലോമീറ്റർ അകലെയുള്ള ബലാപുരിലെ സ്കൂൾ അധ്യാപകനായ പ്രമോദ് സർദാറാണ് (42) പിടിയിലായത്. എട്ടാം ക്ലാസ് വിദ്യാർത്ഥിനികളായ ആറു പെൺകുട്ടികളെയാണ് ഇയാൾ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചത്.
നാലു മാസമായി ഇയാൾ വിദ്യാർത്ഥിനികളെ അശ്ലീല ചിത്രങ്ങൾ കാണിച്ച് ഉപദ്രവിക്കാൻ ശ്രമിക്കുകയായിരുന്നു. മൊബൈലിൽ വിഡിയോ കാണിച്ചശേഷം ശരീരത്തിന്റെ പലഭാഗങ്ങളിലും അധ്യാപകൻ സ്പർശിച്ചതായി കുട്ടികൾ പൊലീസിനു മൊഴി നൽകി. ചൈൽഡ് ഹെൽപ്പ് ലൈൻ നമ്പറിൽ സ്കൂൾ ടീച്ചർ വിവരം അറിച്ചതോടെയാണ് സംഭവം അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടത്.ചൈൽഡ് വെൽഫെയർ കമ്മിറ്റി അംഗങ്ങൾ സ്കൂളിലെത്തി മൊഴിയെടുത്തപ്പോൾ, നടന്ന കാര്യങ്ങൾ വിദ്യാർത്ഥിനികൾ തുറന്നു പറഞ്ഞു. പിന്നീട് കമ്മിറ്റി ഇക്കാര്യം പൊലീസിനെ അറിയിച്ചു. അന്വേഷണത്തിനൊടുവിൽ പൊലീസ് പ്രമോദ് സർദാറിനെ അറസ്റ്റു ചെയ്യുകയായിരുന്നു.
ബദ്‌ലാപുരിൽ നാലു വയസ്സുളള രണ്ടു നഴ്സറി വിദ്യാർഥിനികളെ ശുചീകരണ ജീവനക്കാരൻ പീഡിപ്പിച്ചതിന് പിന്നാലെയാണ് മഹാരാഷ്ട്രയിൽ നിന്ന് തന്നെ മറ്റൊരു സംഭവം റിപ്പോർട്ട് ചെയ്യപ്പെടുന്നത്. പ്രകോപിതരായ രക്ഷിതാക്കളും നഗരവാസികളും ചേർന്ന് കഴിഞ്ഞ ദിവസം ട്രെയിൻ തടഞ്ഞ് പ്രതിഷേധിക്കുകയും സ്‌കൂൾ ആക്രമിക്കുകയും ചെയ്‌തിരുന്നു. പൊലീസ് ലാത്തിച്ചാർജ് നടത്തിയാണു പ്രതിഷേധക്കാരെ പിരിച്ചുവിട്ടത്. ഈ മാസം 12നാണ് സ്‌കൂൾ ശുചിമുറിയിൽ വച്ച് കുട്ടികളെ പീഡിപ്പിച്ചത്

