തിരുവനന്തപുരം : ആറ്റുകാൽ പൊങ്കാലയുടെ തിരക്കിലാണ് തലസ്ഥാന നഗരം. ഭക്ത ലക്ഷങ്ങൾക്ക് സൗകര്യമൊരുക്കാനുള്ള തിരക്കിലാണ് പൊലീസ് അടക്കമുള്ള എല്ലാവരും. അതിനിടയിൽ ഈ തിരക്ക് മുതലെടുക്കാനും പലരും ശ്രമിക്കാറുണ്ട്. ലഹരി മാഫിയയാകട്ടെ തിരക്കുള്ളതിനാൽ പരിശോധനയില്ലാതെ സാധനം കടത്താനുള്ള കുതന്ത്രങ്ങളാണ് മെനയാറുള്ളത്. അത്തരത്തിലുള്ള ലഹരി മാഫിയയിലെ നാലംഗ സംഘം പിടിയിലായെന്നതാണ് തലസ്ഥാനത്ത് നിന്നും ഇന്ന് പുറത്തുവന്നത്.
തമ്പാനൂരിലാണ് വൻ കഞ്ചാവ് വേട്ട നടന്നത്. റെയിൽവേ സ്റ്റേഷന് സമീപത്ത് നിന്ന് 30 കിലോ കഞ്ചാവുമായി 4 പേരാണ് പിടിയിലായത്. കാട്ടാക്കട സ്വദേശി ബാലു, പൂജപ്പുര സ്വദേശി റെജി, ഒറീസ സ്വദേശികളായ പത്മചരൺ, ദിവേശ് സംഘ് എന്നിവരാണ് പിടിയിലായത്. സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്‍റ് സ്ക്വാഡാണ് ഈ സംഘത്തെ പിടികൂടിയത്. കന്യാകുമാരി സ്പെഷ്യൽ ട്രയിനിലാണ് ഇവർ കഞ്ചാവ് കൊണ്ടു വന്നത്. പൊങ്കാലയുടെ തിരക്കിനിടയിൽ രക്ഷപ്പെടാം എന്ന് കരുതിയാണ് പ്രതികൾ കഞ്ചാവ് കടത്താൻ ശ്രമിച്ചത്.

