തിരുവനന്തപുരം: ഐ ഫോണിനുളളിലെ ഭാഗങ്ങൾ സ്വർണ്ണമാക്കി കടത്താനുള്ള പദ്ധതി പൊളിച്ച് എയർ ഇന്റലിജൻസ്. തിരുവനന്തപുരം വിമാനത്താവളത്തിൽ 11.50 ലക്ഷം രൂപ വില വരുന്ന 182.61 ഗ്രാം തൂക്കമുളള സ്വർണ്ണം കസ്റ്റംസ് പിടിച്ചെടുത്തു.
കഴിഞ്ഞ ദിവസം അബുദാബിയിൽ നിന്ന് രാവിലെ തിരുവനന്തപുരത്ത് എത്തിയ എയർ ഇന്ത്യാ എക്സ്സ് വിമാനത്തിലെ യാത്രക്കാരനായ തമിഴ്‌നാട് കുംഭകോണം സ്വദേശിയെയാണ് കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം പിടികൂടിയത്. ഇയാൾക്കെതിരെ കസ്റ്റംസ് കേസെടുത്തു.ഐ ഫോണിന്റെ ഉളളിലുളള ബോർഡ് സ്വർണ്ണം നിറം പൂശിയും ഫോണിന്റെ ചാർജറും ഇയർപോഡുമുൾപ്പെട്ട ഭാഗങ്ങൾ സ്വർണമാക്കിയുമായിരുന്നു കടത്താൻ ശ്രമിച്ചത്.
എക്സ്റേ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്.സ്വർണ്ണസാന്നിധ്യമുണ്ടെന്നതിനെ തുടർന്ന് ഐഫോൺ ഇളക്കി നോക്കിയപ്പോൾ ലെഡുകൊണ്ട് നിർമ്മിച്ച ഭാഗങ്ങൾ സ്വർണ്ണനിറം പൂശിയ നിലയിലായിരുന്നുവെന്ന് കസ്റ്റംസ് അധികൃതർ പറഞ്ഞു. ഐഫോണിന്റെ ഭാഗങ്ങളെ സ്വർണ്ണമാക്കി കടത്താനുളള പരീക്ഷണമാണ് സംഘം നടത്തിയതെന്ന് എയർ ഇന്റലിജൻസ യൂണിറ്റ് അധികൃതർ പറഞ്ഞു

