Headlines

കമ്പിപ്പാര ഉപയോഗിച്ച് എടിഎം കുത്തിപ്പൊളിക്കാൻ ശ്രമം; പ്രതി പിടിയിൽ

കൊച്ചി: കമ്പിപ്പാര ഉപയോഗിച്ച് എടിഎം കുത്തിപ്പൊളിച്ച് കവർച്ച നടത്താൻ ശ്രമിച്ച കേസിൽ പ്രതി പിടിയിൽ. സംഭവത്തിൽ എറണാകുളം കുട്ടമ്പുഴ വടാട്ടുപാറ സെമിത്തേരിപ്പടി ഭാഗത്ത് പാത്തിക്കൽ വീട്ടിൽ സുഭാഷ് (48) നെ കുട്ടമ്പുഴ പൊലീസ് അറസ്റ്റ് ചെയ്തു. ഞായർ പുലർച്ചെ രണ്ടു മണിയോടെയായിരുന്നു സംഭവം.

മാർത്തോമ സിറ്റി ഭാഗത്ത് പ്രവർത്തിക്കുന്ന ഇടമലയാർ സർവ്വീസ് സഹകരണ ബാങ്കിന്റെ കീഴിലുള്ള എ ടി എമ്മിൽ എത്തിയ സുഭാഷ് കമ്പിപ്പാര ഉപയോഗിച്ച് എ ടി എം മെഷീൻ കുത്തിപ്പൊളിക്കാൻ ശ്രമിക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. എന്നാൽ ശ്രമം പാളിയത്തോടെ ഇയാൾ കടന്നു.

ബാങ്ക് അധികൃതർ നൽകിയ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ച കുട്ടമ്പുഴ പൊലീസ് പ്രതിയെ വടാട്ടുപാറ സെമിത്തേരിപ്പടി ഭാഗത്ത് നിന്ന് ഞായർ രാവിലെ തന്നെ പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

അതേസമയം, വയനാട് കൽപ്പറ്റയിൽ സിഗരറ്റ് മോഷണം. പഴയ ബസ് സ്റ്റാൻഡിന് സമീപത്തെ കടയിൽ നിന്നാണ് 12,000 രൂപയുടെ സിഗരറ്റ് മോഷണം പോയത്. നസീര്‍ എന്നയാളുടെ ചായക്കടയിലാണ് മോഷണം നടന്നത്. രാവിലെ കട തുറക്കാൻ വന്ന ജീവനക്കാരനാണ് കള്ളൻ കയറിയെന്ന് മനസ്സിലാക്കിയത്. കടയുടെ ഒരുഭാഗം പൊളിച്ച നിലയിലായിരുന്നു. പരിശോധിച്ചപ്പോഴാണ് സിഗരറ്റ് മുഴുവന്‍ കള്ളൻ കൊണ്ടുപോയതായി മനസ്സിലായത്.

സിഗരറ്റ് മാത്രമല്ല. 3000 രൂപയുടെ മിഠായിയും പലഹാരങ്ങളും കള്ളനെടുത്തു. അഞ്ച് വർഷമായി ഇവിടെ കട തുടങ്ങിയിട്ട്. ഇങ്ങനെയൊരു സംഭവം ആദ്യമാണെന്ന് കടക്കാരന്‍ പറഞ്ഞു. ഇരുട്ട് വീണാൽ സാമൂഹ്യ വിരുദ്ധർ തമ്പടിക്കുന്നുവെന്ന് ആരോപണമുണ്ട്. പൊലീസിന്‍റെ ശ്രദ്ധ കൂടുതല്‍ വേണമെന്ന് കച്ചവടക്കാര്‍ ആവശ്യപ്പെട്ടു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: