തിരുവനന്തപുരം: ചരിത്ര പ്രസിദ്ധമായ ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവം ഫെബ്രുവരി 17ന് രാവിലെ 8 മണിക്ക് കാപ്പുകെട്ടി കുടിയിരുത്തലോടെ ആരംഭിക്കും. വൈകിട്ട് 6ന് ചലച്ചിത്രതാരം അനുശ്രീ ആഘോഷങ്ങളുടെ ഉദ്ഘാടനം നിർവഹിക്കും. ചടങ്ങിൽ പ്രശസ്ത സാഹിത്യകാരൻ ജോർജ് ഓണക്കൂറിന് ആറ്റുകാൽ അംബാ പുരസ്കാരം സമ്മാനിക്കും. 25 നാണ് ആറ്റുകാൽ പൊങ്കാല.
കുത്തിയോട്ട വ്രതാരംഭം 19ന് രാവിലെ 9.30ന് നടക്കും. പൊങ്കാല അടുപ്പ്‌വെട്ട് 25ന് രാവിലെ 10.30നും പൊങ്കാല നിവേദ്യം ഉച്ചയ്ക്ക് 2.30നും കുത്തിയോട്ട ചൂരൽക്കുത്ത് രാത്രി 7.30നും പുറത്തെഴുന്നെള്ളിപ്പ് രാത്രി 11നും നടക്കും. 26ന് രാത്രി 9.45ന് കാപ്പഴിച്ച് കുടിയിളക്കലും 12.30ന് നടക്കുന്ന കുരുതി തർപ്പണത്തോടെ പൊങ്കാല മഹോത്സവത്തിന് സമാപനമാകും.
ഉത്സവത്തോട് അനുബന്ധിച്ചുണ്ടാകുന്ന തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി നഗരത്തിൽ 3,000ത്തോളം പോലീസുകാരെ വിന്യസിക്കും. ക്രമസമാധാനം, ഗതാഗത നിയന്ത്രണം, ഭക്തജനങ്ങളുടെ ദർശനം എന്നിവയ്ക്കായി രണ്ട് ഘട്ട സുരക്ഷാ സംവിധാനമാണ് പോലീസ് ഒരുക്കുന്നത്. സർക്കാർ വകുപ്പുകളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് മന്ത്രി ശിവൻകുട്ടിയുടെ അധിയക്ഷതയിൽ ക്ഷേത്ര ട്രസ്റ്റ് ഹാളിൽ യോഗവും ചേർന്നിരുന്നു.

