മെൽബൺ ക്രിക്കറ്റ് ടെസ്റ്റിൽ ഓസീസിന് ജയം; ഇന്ത്യയെ തകർത്തത് 184 റൺസിന്


മെല്‍ബണ്‍: ഇന്ത്യക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഓസീസിന് ജയം. 184 റണ്‍സിനാണ് ഇന്ത്യയെ തകര്‍ത്തത്. 340 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ ഇന്ത്യ 155ന് എല്ലാവരും പുറത്തായി. രണ്ടാം ഇന്നിങ്‌സില്‍ 84 റണ്‍സ് നേടിയ യശ്വസിയാണ് ടോപ് സ്‌കോറര്‍. ഇതോടെ ഓസിസ് പരമ്പയില്‍ 2-1ന് മുന്നിലെത്തി. അഞ്ച് മത്സരങ്ങളുള്ള പരമ്പരയിലെഅവസാന ടെസ്റ്റ് ജനുവരി മൂന്നിന് സിഡ്‌നിയില്‍ നടക്കും.

ഓസീസ് മുന്നോട്ടുവച്ച 340 റണ്‍സ് വിജയലക്ഷ്യം ലാക്കാക്കിയിറങ്ങിയ ഇന്ത്യയ്ക്ക് ക്യാപ്റ്റന്‍ രോഹിത് ശര്‍മ (9), കെഎല്‍ രാഹുല്‍ (0), വിരാട് കോഹ്‌ലി (5) എന്നിവരെ 33 റണ്‍സിനിടെ നഷ്ടമായി. നാലാം വിക്കറ്റില്‍ യശസ്വി ജയ്‌സ്വാള്‍ – ഋഷഭ് പന്ത് സഖ്യം പ്രതീക്ഷ നല്‍കിയെങ്കിലും അതും നീണ്ടില്ല. പന്ത് മടങ്ങിയതിന് പിന്നാലെ ക്രീസിലെത്തിയ രവീന്ദ്ര ജഡേജ അതിവേഗം മടങ്ങി. ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യയുടെ അഭിമാനം കാത്ത നീതിഷ് റെഡ്ഡി പിടിച്ചുനില്‍ക്കുമെന്ന് കരുതിയെങ്കിലും അതും ഉണ്ടായില്ല. ഒരു റണ്‍സ് എടുത്ത റെഡ്ഡിയെ ലിയാണ്‍ മടക്കി. വാഷിങ് ടണ്‍ സുന്ദറുമായി ചേര്‍ന്ന് കരുതലോടെ ബാറ്റ് വീശിയ യശ്വസിയെ പാറ്റ് കമ്മിന്‍സ് വീഴ്ത്തിയതോടെ ഇന്ത്യയുടെ പ്രതീക്ഷകള്‍ പൂര്‍ണമായി അസ്തമിച്ചു. ആകാശ് ദീപ്, ജസ്പ്രീത് ബുംറ മുഹമ്മദ് സിറാജ് എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍.


നേരത്തേ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 228 റണ്‍സെന്ന നിലയില്‍ അവസാന ദിനം ബാറ്റിങ് ആരംഭിച്ച ഓസീസിന് ആറു റണ്‍സ് കൂട്ടിച്ചേര്‍ത്തപ്പോഴേക്കും അവസാന വിക്കറ്റ് നഷ്ടമായി. സ്‌കോര്‍ 234-ല്‍ നില്‍ക്കേ നതാന്‍ ലിയോണിന്റെ കുറ്റി തെറിപ്പിച്ച് ജസ്പ്രീത് ബുംറയാണ് ഓസീസ് ഇന്നിങ്സ് അവസാനിപ്പിച്ചത്. ബുംറ അഞ്ചു വിക്കറ്റെടുത്തു. 55 പന്ത് നേരിട്ട് അഞ്ച് ബൗണ്ടറിയടക്കം 41 റണ്‍സെടുത്താണ് ലിയോണ്‍ പുറത്തായത്. സ്‌കോട്ട് ബോളണ്ട് 15 റണ്‍സോടെ പുറത്താകാതെ നിന്നു.

അവസാന വിക്കറ്റില്‍ 61 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയ ലിയോണ്‍ – ബോളണ്ട് സഖ്യമാണ് നാലാം ദിനം ഇന്ത്യയെ വെള്ളംകുടിപ്പിച്ചത്. 173 റണ്‍സില്‍ ഓസീസിന്റെ ഒമ്പതാം വിക്കറ്റ് വീഴ്ത്തിയ ഇന്ത്യയ്ക്ക് ലിയോണും അവസാനക്കാരന്‍ സ്‌കോട്ട് ബോളണ്ടും ചേര്‍ന്ന പത്താം വിക്കറ്റ് കൂട്ടുകെട്ട് പൊളിക്കാന്‍ അഞ്ചാം ദിനം വരെ കാത്തിരിക്കേണ്ടിവന്നു. നാലാം ദിനം അവസാന സെഷനിലെ 18 ഓവറുകളോളം പിടിച്ചു നിന്ന ഈ കൂട്ടുകെട്ടാണ് ഓസീസ് ലീഡ് 300 കടത്തിയത്. സിറാജ് മൂന്നു വിക്കറ്റ് വീഴ്ത്തി.139 പന്തില്‍ നിന്ന് 70 റണ്‍സെടുത്ത മാര്‍നസ് ലബുഷെയ്‌നും 90 പന്തില്‍ 41 റണ്‍സെടുത്ത ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സും മികച്ച പ്രടനം നടത്തി. വേഗത്തില്‍ 200 വിക്കറ്റ് തികയ്ക്കുന്ന ആദ്യ ഇന്ത്യന്‍ പേസര്‍ എന്ന ബഹുമതിയും ബുംറ കരസ്ഥമാക്കി. മുഹമ്മദ് സിറാജിന് മൂന്ന് വിക്കറ്റുണ്ട്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: