ആലപ്പുഴ: മാവേലിക്കരയില്‍ അച്ചന്‍കോവിലാറ്റിലേക്ക് ഓട്ടോറിക്ഷ മറിഞ്ഞു. അപകടത്തിൽ യുവതി മരിക്കുകയും മൂന്നുവയസ്സുള്ള മകനെ കാണാതാവുകയും ചെയ്തു. വെണ്‍മണി സ്വദേശി ആതിര ആണ് മരിച്ചത്. കാണാതായ മകന്‍ കാശിനാഥന് വേണ്ടി തെരച്ചില്‍ നടത്തുകയാണ്.
മാവേലിക്കര കൊല്ലക്കടവില്‍ വെച്ചാണ് അപകടം നടന്നത്. മാവേലിക്കര ഭാഗത്തുനിന്നു വന്ന ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് നദിയിലേക്ക് മറിയുകയായിരുന്നു. അഞ്ചുപേര്‍ സഞ്ചരിച്ച ഓട്ടോറിക്ഷയാണ് ആറ്റിലേക്ക് മറിഞ്ഞത്. മൂന്നുപേരെ രക്ഷപ്പെടുത്തി.വൈകുന്നേരം ആറുമണിക്കാണ് അപകടം നടന്നത്. കൊല്ലക്കടവിൽ നിന്നും മാവേലിക്കരിയിലെ ആശുപത്രിയിലേക്ക് പോയി തിരികെ മടങ്ങുമ്പോഴാണ് അപകടം സംഭവിച്ചത്. അപകടത്തിന്റെ കാരണം വ്യക്തമല്ല. വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായെന്നാണ് പ്രാഥമിക നിഗമനം.
